തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ഓൺലൈനായി ലഭ്യമാകും. ജി-സ്പാർക്ക് സേവനം വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ തന്നെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാകും.
ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ, ശമ്പള ബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്‌മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെഎസ്ആർടിസി.
കെഎസ്ആർടിസിയെ ജി- സ്പാർക്കിന്റെ ഉദ്ഘാടനം ജൂലൈ 2 ന് ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിക്കും. കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാഗവും രൂപീകരിക്കും. ലോജിസ്റ്റിസ് & കൊറിയർ, അഡ്വർടൈസ്‌മെൻറ്, ബസ് ടെർമിനൽ കം ഷോപ്പിംഗ് കോപ്ലക്‌സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാഗം ആരംഭിക്കുന്നത്.
ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്. സി. എം. എസ് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ തുടക്കമായി. ലോജിസ്റ്റിക്‌സ് ആൻഡ് കൊറിയർ സർവീസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വർദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ. എസ്. ആർ. ടി. സിയിലെ വിവിധ ഡിപ്പാർട്‌മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക.
Read Also: 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്: പ്രതികരണവുമായി ലിങ്ക്ഡ്ഇന്‍
Post Your Comments