കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരായി മുൻപുണ്ടായിരുന്ന സമാന പരാതികളിലൊന്നും അന്വേഷണം മുന്നോട്ടുപോയില്ല. സുനിയുമായി ബന്ധപ്പെട്ടവരാണ് കള്ളക്കടത്ത് സ്വര്‍ണം തട്ടിയതെന്ന് വിവരം ലഭിച്ചാല്‍ അതു ‘പൊട്ടിയതായി’ കണക്കാക്കി സ്വര്‍ണം നഷ്ടമായവര്‍ പിന്നാലെ പോവാറില്ലെന്നതും ചിലരുടെ കണ്ണടയ്ക്കലുമാണ് ഇക്കൂട്ടര്‍ക്ക് ഗുണമാകുന്നത്.
സുനി ജയിലില്‍ നിന്നടക്കം ആസൂത്രണം ചെയ്ത് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് നടത്തുന്ന കവര്‍ച്ചകളുടെയെല്ലാം അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുകയാണ് പതിവ്. കണ്ണൂര്‍ സ്വദേശി ഇസ്മയില്‍ കരിപ്പൂര്‍ വഴി കടത്തിയ മൂന്നു കിലോ സ്വര്‍ണം നല്ലളം മോഡേണ്‍ ബസാറിനു സമീപം 2017ല്‍ വാഹനം തടഞ്ഞ് കവര്‍ന്ന കേസിലാണ് സുനിയുടെ പങ്ക് ആദ്യം പുറത്തുവന്നത്. അഞ്ചു ലക്ഷം രൂപ തട്ടിപ്പറിച്ചെന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടയാള്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയത്.
പന്തീരാങ്കാവിലെ ദില്‍ഷാദ്, കൊടല് നടക്കാവിലെ അതുല്‍, ചക്കുംകടവിലെ റാസിക്ക് എന്നിവര്‍ അറസ്റ്റിലായതോടെ കവര്‍ന്നത് സ്വര്‍ണമാണെന്നും പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് പൊക്കുന്നിലെ കാക്ക രഞ്ജിത്താണെന്നും വ്യക്തമായി. രഞ്ജിത്ത് അറസ്റ്റിലായതോടെ, കൊടി സുനിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് തെളിഞ്ഞു. വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്ത അന്വേഷണ സംഘം കവര്‍ന്ന സ്വര്‍ണം വാങ്ങിയ കൊല്ലം സ്വദേശി രാജേഷ് ഖന്നയെ പിടികൂടി തൊണ്ടിമുതലിന് ജ്വല്ലറികളില്‍ പരിശോധന നടത്തിയെങ്കിലും ചില ഇടപെടലില്‍ അന്വേഷണം നിലക്കുന്നതും രാജേഷ് ഖന്നക്ക് നിയമസഹായവുമായി കണ്ണൂരിലെ ചിലരെത്തുന്നതുമാണ് കണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് സ്ഥലംമാറ്റവും കിട്ടി.
2018ല്‍ പരോളിലിറങ്ങിയ സുനി കൈതേരി സ്വദേശി റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ പൂട്ടിയിട്ടെന്ന് പിന്നീട് പരാതി ഉയര്‍ന്നു. ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി ഇദ്ദേഹത്തിന്റെ സഹോദരന് മുങ്ങിയെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. സംഭവത്തില്‍ കേസെടുത്ത കൂത്തുപറമ്പ് പൊലീസ് സുനിയുടേതടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
2019 ജൂണില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കോഴിശ്ശേരി മജീദിനെ ഗള്‍ഫിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സുനിക്കെതിരായ മറ്റൊരു പരാതി. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് വിവരം ഖത്തര്‍ പൊലീസിന് കൈമാറിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഞങ്ങള്‍ കുറെ കാലമായി ഈ മേഖലയിലുള്ളവരാണെന്നും നാട്ടിലെത്തിയാല്‍ വെച്ചേക്കില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയത്. പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മൊഴിയെടുപ്പോടെ മരവിച്ചു.
ജയിലില്‍ കിടക്കുന്ന കുറ്റവാളി ജനപ്രതിനിധിക്കു നേരെയാണ് വധഭീഷണി മുഴക്കിയതെങ്കിലും അന്വേഷണം നടന്നില്ല. ഈ കേസുകളില്‍ പലതിലും സുനിയുടെ കൂട്ടാളികള്‍ക്കും പങ്കുള്ളതായി സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ കരിപ്പൂര്‍ കേസില്‍ സുനിയുടെയും കൂട്ടാളി ഷാഫി ഉള്‍പ്പെടെയുള്ളവരുടെയും പങ്ക് വെളിവാക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ഈ കേസിന്റെയും സ്ഥിതി പഴയതുതന്നെയാകുമെന്ന് ആശങ്കയുണ്ട്.
Post Your Comments