ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഡ്രോണുകള്‍ സ്‌ഫോടനം നടത്തുന്നത് കണ്ടെന്നും ഡ്രോണുകളുടെ ശബ്ദം വ്യക്തമായി കേട്ടിരുന്നുവെന്നും ജവാന്‍മാര്‍ അറിയിച്ചു. നിരീക്ഷണ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരാണ് ഡ്രോണ്‍ ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍മാനും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍സ് (ഡിഎസ്‌സി) ഉദ്യോഗസ്ഥനുമാണ് ഡ്രോണുകളുടെ സാന്നിധ്യത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.35ഓടെയാണ് ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ രണ്ട് ഡ്രോണുകള്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന് മുകളിലെത്തിയത് കണ്ടതെന്നും തുടര്‍ന്ന് 30 സെക്കന്‍ഡിനുള്ളില്‍ ആദ്യ സ്‌ഫോടനം ഉണ്ടായെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഡ്രോണുകളുടെ ശബ്ദം കേട്ടെന്നും ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്നും എയര്‍മാന്‍ പറഞ്ഞു. വിവാഹ പരിപാടികളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ഉപയോഗിക്കുന്ന ഡ്രോണുകളുടേതിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് അദ്ദേഹം അറിയിച്ചു. പുതിയ വിവരങ്ങള്‍ ലഭിച്ചത് എന്‍ഐഎയുടെ അന്വേഷണത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഡ്രോണുകള്‍ ഏത് ദിക്കില്‍ നിന്നാണ് എത്തിയതെന്ന് കണ്ടെത്താന്‍ നിലവിലെ വെളിപ്പെടുത്തലുകള്‍ സഹായിച്ചേക്കും. എയര്‍മാന്റെയും ഡിഎസ്‌സി ഉദ്യോഗസ്ഥന്റെയും മൊഴി എന്‍ഐഎ രേഖപ്പെടുത്തും.
Post Your Comments