മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാൻ കേരളം പദ്ധതിയിടുന്നുവെന്ന പ്രചാരണത്തിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പേര് മാറ്റത്തിന് ശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചതോടെ വിഷയം അവസാനിച്ചുവെന്ന് രാഹുൽ പറയുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചത് സ്വാഭാവികമാണെന്നും ഇതിനെ ബിജെപിയുടെ എന്തെങ്കിലും ഗൂഢാലോചനയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹം അനുഭവിക്കുന്ന ചില ആത്മീയ ശൂന്യതയുടെ പ്രശ്‌നം കൊണ്ടാണ് ഇത്തരം വാർത്തകൾ പെട്ടന്ന് പ്രചരിപ്പിക്കപ്പെടുന്നതെന്ന് രാഹുൽ പറയുന്നു. ‘ഇത് ഈ വിഷയത്തിന്റെ മാത്രം സവിശേഷതയൊന്നുമല്ല. 2.6 ശതമാനം പ്രത്യുല്‍പ്പാദന തോത് മുസ്ലീം വിഭാഗത്തിനും 1.3 ശതമാനം പ്രത്യുല്‍പ്പാദന തോത് ഹിന്ദുവിഭാഗത്തിനുമെന്നത് ഭാവിയില്‍ പ്രശ്‌നമുണ്ടായേക്കുമോ എന്ന ഭയമാണ് അടിസ്ഥാന വിഷയം. അതാണ് ഹലാല്‍ വിവാദമായും ഡാന്‍സ് ജിഹാദ് ആരോപണമായുമെല്ലാം പുറത്തുവരുന്നത്. അത് ഹിന്ദു അനുഭവിക്കുന്ന ആത്മീയ ശൂന്യതയുടെ പ്രശ്‌നമാണ്. ഇത് ഒരു ലിബറല്‍ വിഭാഗം പറയുന്നതുപോലെ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതൊന്നുമല്ല’, മീഡിയ വണ്‍ ടിവിയുടെ പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
Also Read:അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി: മന്ത്രിസഭാ യോഗത്തിൽ തീരുമാനം
കര്‍ണ്ണാടക- കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നഡ ഭാഷയിലുള്ള സ്ഥലപേരുകള്‍ മലയാള വത്കരിക്കാന്‍ കേരളം നീക്കം നടത്തുന്നതായി കാസർഗോഡ് ഉള്ളവർ പ്രചരിപ്പിച്ചിരുന്നു. പിന്നാലെ, വിഷയത്തിൽ ബിജെപിയും നാട്ടുകാരുടെ വികാരത്തിനൊപ്പം നിൽക്കുകയായിരുന്നു. പേരുമാറ്റാനുള്ള നീക്കം കന്നഡ ഭാഷയ്ക്കെതിരായ ആക്രമണമാണെന്ന് ആരോപിച്ച് കര്‍ണ്ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റിയും രംഗത്ത് വന്നതോടെയാണ് വിഷയം അതിർത്തിയിലുള്ളവർ വൈകാരികമായി സ്വീകരിച്ചത്. പിന്നീട് കന്നട വികസന സമിതിയും വിഷയം ഏറ്റെടുത്തിരുന്നു.
വിഷയം ചർച്ചയായതോടെ അതിര്‍ത്തിയിലുള്ള ഏതെങ്കിലും ഒരു ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അയച്ചതായി പ്രചരിക്കുന്ന കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments