കൊൽക്കത്ത: പശ്ചിമബംഗാളിലെ അലിപൂര്ദുരിൽ വാക്സിനേഷന് ഡ്രൈവ് വൈകിയതില്‍ പ്രകോപിതരായി ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കായി തിങ്കളാഴ്ച്ച സംഘടിപ്പിച്ച പ്രത്യേക വാക്സിനേഷന് ഡ്രൈവിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ത്രീകള്‍ കല്ലെറിഞ്ഞത്. കനത്ത മഴയിലും സ്ത്രീകള്‍ വാക്സിനെടുക്കാനായി അതിരാവിലെ മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പ് മന്ദഗതിയിലാണ് നടത്തിയതെന്നായിരുന്നു സ്ത്രീകളുടെ ആരോപണം.
വാക്സിനെടുക്കാനായി നിരവധി പേരാണ് മഴയത്ത് കാത്തുനിന്നത്. ഇതില്‍ പ്രകോപിതരായ സ്ത്രീകള്‍ വാക്സിന് കൗണ്ടറില്‍ ഇരുന്ന ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിയുകയായിരുന്നു. ആക്രോശിച്ചെത്തിയ ഇവര്‍ ആശുപത്രിയുടെ വാതിലുകളും തല്ലിത്തകര്‍ത്തു. ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രിയില്‍ നിന്നും ഓടിപ്പോയി. കല്ലേറില്‍ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ഇതേതുടര്‍ന്ന് വാക്സിനേഷന് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ജസോദംഗയിലുള്ള ആശുപത്രിയിലെ രണ്ടാം ബ്ലോക്കില്‍ വാക്സിനെടുക്കുന്നതിനായി അതിരാവിലെ മുതല്‍ സ്ത്രീകള്‍ എത്തിയിരുന്നു. കനത്ത മഴയായിരുന്നിട്ടും സ്ത്രീകള്‍ ക്യൂ നില്‍ക്കുകയായിരുന്നു. എന്നാല്‍ 11 മണിയായിട്ടും കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നില്ല. 11.45 ഓടെയാണ് വാക്സിനേഷന് ആരംഭിച്ചത്. തുടര്‍ന്നും വാക്സിനേഷന് മന്ദഗതിയിലായിരുന്നുവെന്നും ഓരോരുത്തർക്കും കുത്തിവെപ്പ് എടുക്കാന്‍ ഏകദേശം 20-25 മിനിറ്റ് എടുത്തുവെന്നും സ്ത്രീകള്‍ പറഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. വാക്സിനേഷന് കേന്ദ്രത്തില്‍ പൊലീസിനെ വിന്യസിക്കാതിരുന്നതാണ് സംഭവം വഷളാക്കിയതെന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോപിച്ചു.
Post Your Comments