തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്‌ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബോര്‍ഡ് കമ്മീഷന് നല്‍കിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നും ആയിരുന്നു കെഎസ്‌ഇബിയുടെ ആവശ്യം.
13,865 കോടി രൂപ ആകെ ചെലവ് വന്ന കണക്കാണ് വൈദ്യുതിബോര്‍ഡ് സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്.
വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7,398 കോടി ചെലവ് വന്നുവെന്ന് കെഎസ്‌ഇബി കണക്ക് പറയുമ്പോൾ 7,348 മാത്രമാണ് കമ്മീഷന്‍ അംഗീകരിച്ചത്. ശമ്പള ഇനത്തില്‍ ചിലവഴിച്ചുവെന്നു കെ എസ് ഇ ബി അവകാശപ്പെട്ട കണക്കില്‍ 232 കോടി കമ്മീഷന്‍ വെട്ടിക്കുറച്ചു. പലിശ ഇനത്തില്‍ 561 കോടിയും പെന്‍ഷന്‍ ഫണ്ട് ചിലവഴിച്ച ഇനത്തില്‍ 331 കോടിയും, തേയ്മാന ചിലവുകളുടെ ഇനത്തില്‍ 183 കോടിയുമാണ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ വെട്ടിക്കുറച്ചത്.
കെഎസ്‌ഇബി സമര്‍പ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുക. വന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടി കുറച്ചതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഇനി ഉണ്ടാകില്ല.
Post Your Comments