ഇടുക്കി: പ്രമുഖ ട്രാവല്‍ വ്ളോഗറായ സുജിത് ഭക്തനുമൊത്ത് ഇടമലക്കുടിയിലേയ്ക്ക്
വിനോദയാത്ര നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസും സുജിത്ത് ഭക്തനും ഇടമലക്കുടിയില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഇടമലക്കുടിയിലെ സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പോയതെന്നും താന്‍ ക്ഷണിച്ചിട്ടാണ് സുജിത് ഭക്തന് വന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സ്കൂളിലേക്ക് ആവശ്യമായ ടെലിവിഷന്‍ വാങ്ങിനല്‍കാമെന്ന് സുജിത് ഭക്തന് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്താണ് ഇടമലക്കുടി. ആദിവാസി ഗ്രാമമായ ഇടമലക്കുടിയിലേയ്ക്ക് സുജിത് ഭക്തനെയും കൂട്ടി ഇടുക്കി എം.പി ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.പിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന് സുജിത് സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നുവെന്നും സംഭവം വിവാദമായതോടെ ഇത് പിന്‍വലിച്ചെന്നും ആരോപണമുണ്ട്.
Post Your Comments