കോഴിക്കോട്: വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിനു പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും ഇരുവരെയും പുറത്താക്കിയിരുന്നു.
പരാതിക്കാരിയായ വീട്ടമ്മയെ പ്രതികള്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വീട്ടില്‍ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടുകൂടി ബാബുരാജ് വീട്ടില്‍ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. മൂന്നു തവണകൂടി ഇത്തരത്തില്‍ പീഡനം തുടര്‍ന്നുവെന്നും പിന്നീട് ഇയാള്‍ പറഞ്ഞറിഞ്ഞ് ഡിവൈഎഫ്‌ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പിന്നീടും സമാനമായ രീതിയില്‍ പീഡനം തുടരുകയായിരുന്നു. ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്നു പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. അതേസമയം പരാതിക്കാരിയായ സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന യുവതി ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ സംഭവം ഒതുക്കിത്തീര്‍ക്കാനും ശ്രമമുണ്ടായി എന്ന് ആരോപണമുണ്ട്.
ഇതിന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നില്‍ക്കുകയായിരുന്നു എന്നാണ് സൂചന. പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പ്രശ്നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും നിരവധി ഓഫറുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും യുവതി ഇതെല്ലാം നിരസിക്കുകയായിരുന്നു.
Post Your Comments