ബഗ്ദാദ്: ഇറാഖിലും സിറിയയിലും വ്യോമാക്രമണവുമായി വീണ്ടും യു.എസ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ബോംബുകള്‍ വര്‍ഷിച്ചതെന്നാണ് വിശദീകരണം. ഇറാന്‍ പിന്തുണയോടെയുള്ള ശിയാ മിലീഷ്യകളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ ഒരു കുട്ടിയുള്‍പെടെ അഞ്ചു പേര്‍ മരിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു.
ജോ ബൈഡന്‍ യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം രണ്ടാമതാണ് ശിയ മിലീഷ്യകള്‍ക്കു നേരെ ആക്രമണം. ഇറാഖില്‍ നടന്ന റോക്കറ്റാക്രമണത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലായിരുന്നു അവസാന ആക്രമണം. കതാഇബ് ഹിസ്ബുല്ല, കതാഇബ് സയ്യിദുല്‍ ശുഹദ എന്നിവയുടെ നിയന്ത്രണത്തിലുള്ള സിറിയയില്‍ രണ്ടും ഇറാഖില്‍ ഒന്നും കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
യു.എസിനെതിരെ പ്രതികാരനടപടികളുണ്ടാകുമെന്ന് ഇരു സംഘങ്ങളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടും ചേര്‍ന്ന പോപുലര്‍ മൊബൈലൈസേഷന്‍ ഫോഴ്സസ് ഇറാഖില്‍ ശക്തമായ സാന്നിധ്യമാണ്. ഇറാഖില്‍ നിലവില്‍ യു.എസ് 2,500 സൈനികരാണ് അവശേഷിക്കുന്നത്. ഈ വര്‍ഷത്തിനിടെ 40 ആക്രമണങ്ങള്‍ രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായതാണ് കണക്ക്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ എഫ്-15, എഫ്-16 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തു.
Post Your Comments