പാലക്കാട്: വിവാഹ പരസ്യം നല്കി പെണ്ണുകാണാന്‍ എത്തിയ യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്ന നാല് പേര് പിടിയില്‍. വധുവിന്റെ വീട്ടുകാരെന്ന വ്യാജേന പെണ്ണുകാണലിന് വിളിച്ചുവരുത്തിയ ശേഷം യുവാക്കളുടെ സ്വര്‍ണവും പണവും കവരുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പ് നടന്നത്.
സംഭവത്തില്‍ കഞ്ചിക്കോട് സ്വദേശിയായ ബിമല്‍ എന്ന ബിനീഷ് കുമാര്‍ (44), തിരുപ്പൂര്‍ സ്വദേശികളായ പ്രകാശന് (40), വിഘ്നേഷ് (23), മണികണ്ഠന് (25) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് പിടികൂടിയത്. ചിറ്റിലഞ്ചേരി സ്വദേശികളായ രാമകൃഷ്ണനും സുഹൃത്തായ പ്രവീണുമാണ് തട്ടിപ്പിന് ഇരയായത്. രാമകൃഷ്ണന് വധുവിനെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട് കോയമ്പത്തൂര്‍ പല്ലടത്ത് നിന്ന് ഒരാള്‍ വിളിച്ച് പെണ്ണുകാണാന്‍ ക്ഷണിച്ചു.
ഏപ്രില്‍ 1ന് രാമകൃഷ്ണനും പ്രവീണും പല്ലടത്തേയ്ക്ക് പെണ്ണുകാണാന്‍ പോയി. പറഞ്ഞത് അനുസരിച്ച് ഒരു വീട്ടിലെത്തിയ ഇരുവരെയും രണ്ട് പേര് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. രാമകൃഷ്ണന് അഞ്ച് പവന്റെ മാലയും ഒരു പവന്റെ മോതിരവും നഷ്ടമായി. പ്രവീണിന്റെ ഒരു പവന് മോതിരവും ഇവര്‍ പിടിച്ചുവാങ്ങി. ഇതിന് ശേഷം എടിഎം കാര്‍ഡ് കൈവശപ്പെടുത്തി 40,000 രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പല്ലടം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് രാമകൃഷ്ണന് പറഞ്ഞു. തുടര്‍ന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Post Your Comments