![](/wp-content/uploads/2021/06/india-pakistan.jpg)
ന്യൂഡല്‍ഹി : ജമ്മു വ്യോമതാവളത്തില്‍ ഇരട്ട സ്‌ഫോടനം ഉണ്ടായതിനു പിന്നാലെ ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തി. ഈ ഡ്രോണിനു പിന്നില്‍ പാകിസ്ഥാന്‍-ചൈന കൂട്ടുകെട്ടാണ് ഇന്റലിജെന്‍സ് വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങള്‍ക്കും പാക്കിസ്ഥാന് ഡ്രോണുകള്‍ ലഭ്യമാക്കുന്നത് ചൈനയാണ്. 2019 മുതല്‍ ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടുകളും പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു കടത്തുന്നത് ചൈനയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ചാണെന്നാണ് ഇന്റലിജെന്‍സ് ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. ഹെക്‌സാകോപ്റ്റര്‍, ക്വാഡ്‌കോപ്റ്റര്‍ എന്നീ വിഭാഗങ്ങളിലുള്ള ഡ്രോണുകളാണു പാക്ക് ഭീകരര്‍ ഇതിനായി ഉപയോഗിക്കുന്നത്.
പാക്ക് സേന, ചാര സംഘടനയായ ഐഎസ്‌ഐ എന്നിവ വഴിയാണു ചൈനയില്‍നിന്നുള്ള ഡ്രോണുകള്‍ ഭീകരര്‍ക്കു ലഭ്യമാക്കുന്നതെന്നാണു വിവരം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് മൂന്നൂറിലധികം ഭീകരര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക്ക് അധിനിവേശ കശ്മീരിലുള്ള താവളങ്ങളില്‍ (ടെറര്‍ ലോഞ്ച് പാഡ്) കഴിയുന്നുണ്ടെന്നാണു കരസേനയുടെ വിലയിരുത്തല്‍. ഇത്തരം താവളങ്ങള്‍ക്കെതിരെയാണു 2016 സെപ്റ്റംബറില്‍ സേന മിന്നലാക്രമണം നടത്തിയത്. ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാനുള്ള പരിശീലനത്തിനു പുറമെ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പറത്താനുള്ള പരിശീലനവും പാക്ക് സേന ഭീകരര്‍ക്കു നല്‍കുന്നുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments