തൃശൂര്‍: കോവിഡ് വ്യാപനവും ട്രോളിംഗ് നിരോധനവും പ്രതിസന്ധി തീർക്കാത്ത വ്യാപാര മേഖലയാണ് മത്സ്യക്കച്ചവടം. ട്രോളിംഗ് കാലത്തും സംസ്ഥാനത്ത് വാഹനങ്ങളിലും വഴിയോരങ്ങളിലും മത്സ്യം സുലഭമാണ്. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനഞ്ചോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനില്‍ നിന്നാണെന്നാണ് നിഗമനം.
ട്രോളിംഗ് നിരോധനമുള്ള സാഹചര്യങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷാംശമുള്ള ധാരാളം മത്സ്യം പെട്ടി ഓട്ടോയിലും മറ്റും വില്‍ക്കുന്നുണ്ടെന്നും ഈ മത്സ്യമാകാം വിഷബാധയ്ക്ക് കാരണമെന്നും ശിശുരോഗ വിദഗ്ദ്ധന്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ട്രോളിംഗ് നിരോധന കാലങ്ങളിൽ അന്യസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഏജന്റുമാര്‍ മുഖേനയാണ് കേരളത്തിലെത്തിക്കുന്നത്.
വള്ളക്കാരിൽ നിന്നും നേരിട്ടുവാങ്ങി വിൽക്കുന്നത് എന്ന രീതിയിൽ ഉയർന്ന വിലയ്ക്കാണ് ഈ മത്സ്യം വിറ്റഴിക്കുന്നത്. അതേസമയം, അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷം ചേർന്ന മത്സ്യം ധാരാളമായി ലഭിക്കുന്നതിനാൽ തന്നെ ട്രോളിംഗ് കാലത്തും സംസ്ഥാനത്ത് മത്സ്യത്തിന് ദൗർലഭ്യത അനുഭവപ്പെടുന്നില്ല. വൻ വിലകൊടുത്ത് വിഷം വാങ്ങി കഴിക്കുന്ന അവസ്ഥയിലാണ് ജനങ്ങൾ.
ഫോര്‍മാലിനും സോഡിയം ബെന്‍സോയേറ്റും അടക്കമുള്ളവ ചേര്‍ക്കുന്ന മത്സ്യം നാളുകളോളം കേടാകാതെയിരിക്കും. മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഓപ്പറേഷന്‍ ‘സാഗര്‍റാണി’ പദ്ധതി മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയിരുന്നു. എന്നാൽ കണ്മുന്നിൽ കണ്ടാൽ പോലും പരാതികള്‍ ലഭിക്കുമ്പോഴല്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികളെടുക്കാറില്ല.
തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ പതിനഞ്ച് കുട്ടികളിൽ ആറ് പേർക്ക് കിടത്തി ചികിത്‌സ വേണ്ടി വന്നതിനെ തുടര്‍ന്നാണ്, അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മത്‌സ്യങ്ങള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments