കോഴിക്കോട്: രാമനാട്ടുകരയിലെ അപകടത്തിന് പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പഴയ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തിന്റെ തീരുമാനം. എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.കൊലപാതകങ്ങള്‍, ദുരൂഹമരണങ്ങള്‍, തട്ടികൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളാണ് പൊടിതട്ടിയെടുക്കുന്നത്. പണമിടപാടുകളും കാണാതായവരെ പറ്റിയും അന്വേഷിക്കും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുള്‍പ്പെട്ട പഴയ കേസും ഇതിലുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേ ദൗത്യ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനമെടുത്തത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പോലീസ് ഓഫീസര്‍മാരും അന്വേഷണ സംഘത്തിന്റെ ഭാഗമാകും. തീവ്രവാദ വിരുദ്ധസേന തലവന്‍ അനൂപ് കുരുവിള ജോണും യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വര്‍ണം വിറ്റു മടങ്ങി വന്ന സംഘത്തില്‍ നിന്ന് അഞ്ചു കോടി രൂപ തട്ടിയെടുത്ത 2016-ലെ കേസാണ് അന്വേഷണ പരിധിയില്‍ വരുന്ന ഒരു കേസ്. നാദാപുരത്തും വടകരയിലും അടുത്തിടെ ചില പ്രവാസികളെ തട്ടിക്കൊണ്ടു പോയ കേസുകളിലും വിശദമായ പരിശോധന നടത്തുന്നുണ്ട്.
രാമനാട്ടുകരയില്‍ അപകടത്തില്‍ മരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘത്തിലുള്ളവര്‍ മറ്റു ചില സുപ്രധാന കേസുകളിലേക്ക് വഴിതെളിച്ചതിന് പിന്നാലെയാണ് പഴയ കേസുകള്‍ പുനഃപരിശോധിക്കുന്നത്. കൊടി സുനിയുടെയോ കാക്ക രഞ്ജിത്തിന്റെയോ ക്വട്ടേഷന്‍ സംഘങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നു. 15 വാഹനങ്ങള്‍ ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവള പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ ചിലവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കൊടുവള്ളിയില്‍ ഉള്‍പ്പെടെ പലയിടത്തുനിന്നുമുള്ള വാഹനങ്ങളുമുണ്ട്.ഇത്രയും വാഹനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ക്വട്ടേഷന്‍ സംഘങ്ങളും ഉറപ്പാണ്. സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കൊടിസുനിയുടെയും കാക്കരഞ്ജിത്തിന്റെയുമെല്ലാം കീഴിലുള്ളവരുള്‍പ്പെടെയുള്ള സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും ജയിലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നവരാണ്.
നേരത്തേ കോഴിക്കോട് നല്ലളത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കൊടി സുനി അയച്ച ക്വട്ടേഷന്‍ സംഘം ശ്രമിച്ചിരുന്നു. ദുബായില്‍നിന്ന് സ്വര്‍ണം കൈമാറിയതിനു പിന്നാലെതന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സംഘത്തിന് ലഭിച്ച വിവരം ഒന്നിലധികം സംഘങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടി. കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരും ഇടനിലക്കാരായി നില്‍ക്കുന്നവരും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറുണ്ട്.
Post Your Comments