തിരുവനന്തപുരം: എം.സി.ജോസഫൈന്റെ രാജിയോടെ വിവാദങ്ങൾ അവസാനിച്ചുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സെക്രട്ടേറിയറ്റിൽ എം.സി.ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ വ്യക്തമാക്കി.
‘വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഒരു മാദ്ധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി. ഇതേതുടർന്ന് അവർ പൊതുസമൂഹത്തോട് മാപ്പ് പറയുകയും പാർട്ടിയിൽ ഇതേക്കുറിച്ച് വിശദീകരണം നൽകുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. അവരുടെ രാജി തീരുമാനത്തെ പാർട്ടി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് എന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ലെന്നും’ അദ്ദേഹം പറഞ്ഞു.
‘സഖാവ് ജോസഫൈൻ ഒരു മാദ്ധ്യമത്തിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവർ സാധാരണയായി സ്ത്രീകൾക്കെതിരായി വരുന്ന അതിക്രമങ്ങളിൽ പരിഹാരം കാണാൻ ഇടപെട്ടു വരുന്ന വ്യക്തിയാണെങ്കിലും അവർ നടത്തിയ പരാമർശം പൊതുസമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ അവർ തന്നെ തെറ്റു പറ്റിയെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന്’ വിജയരാഘവൻ വിശദീകരിച്ചു.
Post Your Comments