പാരിപ്പള്ളി: കരിയിലകാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രേഷ്മ പിടിയിൽ ആയെങ്കിലും സംഭവത്തിലെ ദുരൂഹത വര്‍ധിക്കുന്നു. രേഷ്മയ്ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്യാനായി നോട്ടീസ് നല്കിയ രണ്ടു യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ കൂടുതൽ സങ്കീര്‍ണമായിരിക്കുകയാണ്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വാദം. എന്നാൽ രേഷ്മയുടെ ഈ അജ്ഞാത കാമുകൻ വെറും സങ്കൽപം മാത്രമാണോ എന്നാണു ഇപ്പോൾ പോലീസ് സംശയിക്കുന്നത്. അന്വേഷണ ഘട്ടങ്ങളില്‍ ക്രിമിനല്‍ ബുദ്ധിയോടെയാണ് രേഷ്മ പെരുമാറിയതെന്നും പൊലീസ് പറയുന്നു.
read also: നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റി: പാകിസ്ഥാന് എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ തുടരും
രേഷ്മക്ക് ഉള്ളതായി പറയുന്ന ഫേസ്ബുക്ക് കാമുകനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രേഷ്മ സ്മാര്‍ട്ട് ഫോണ്‍ നിരന്തരം ഉപയോഗിക്കുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിഷ്ണു ഫോണും സിംകാര്‍ഡും നശിപ്പിച്ചിരുന്നു. അതിനുശേഷം മാതാപിതാക്കളുടെ ഫോണാണ് രേഷ്മ ഉപയോഗിച്ചത്. മൊബൈല്‍ ചാറ്റ് ചെയ്ത സമയത്ത് ഒരുദിവസം പരവൂരില്‍ എത്താന്‍ കാമുകന് പറഞ്ഞെന്നും അവിടെ എത്തിയെങ്കിലും അയാള്‍ വന്നില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിനു ഒരുങ്ങുകയാണ് പൊലീസ്. കേസില്‍ രേഷ്മയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവോ ബന്ധുക്കളോ പ്രസവവിവരം അറിഞ്ഞില്ല എന്ന മൊഴിയും പൊലീസ് തള്ളി. പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. പൂര്‍ണഗര്‍ഭം ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുമ്പോ ള്‍ വീട്ടില്‍ ഉള്ളവരെയും രേഷ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
Post Your Comments