കോവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ, രാജ്യത്തിനായി കൈയും മെയ്യും മറന്ന് പ്രവർത്തിച്ച് സൈനികർ. ഓക്സിജൻ ക്ഷാമം നേരിട്ട സമയത്ത് രാജ്യത്തിനു കൈത്താങ്ങായി നിലകൊണ്ടത് ഇന്ത്യന്‍ നാവിക സേനയായിരുന്നു. മാസങ്ങളിത്ര കഴിഞ്ഞിട്ടും ആരുമറിഞ്ഞില്ല. അതങ്ങനെയാണ്, വാക്കിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു ഇന്ത്യന്‍ നാവിക സേന. കോവിഡ് സൈനികരുടെ കുടുംബത്തെയും തേടിയെത്തി, ദുർഘടമായ ഒരു സാഹചര്യത്തിലൂടെ പലരും കടന്നു പോയി. അപ്പോഴൊക്കെ, ആശങ്കകൾ ഉള്ളിലൊതുക്കി പ്രതീക്ഷകളുടെ പുതിയൊരു മഹാദൗത്യത്തിനായി തയ്യാറെടുക്കുകയായിരുന്നു അവർ.
കഴിഞ്ഞ് പോയ ഓരോ ദിവസവും ഓരോ മാസവും ഇന്ത്യൻ നാവിക സേനയ്ക്ക് വിശ്രമമില്ലാത്ത പണിയായിരുന്നു. സമുദ്രാതിര്‍ത്തികള്‍ കാക്കുക എന്നതാണ് നാവിക സേനയുടെ ചുമതല. എന്നാൽ അതിനുമപ്പുറമുള്ള കാര്യങ്ങൾ അവർ രാജ്യത്തിനായി ചെയ്യാറുണ്ട്. സേനയുടെ പല വ്യത്യസ്ത ദൗത്യങ്ങളും അധികമൊന്നും പുറത്തറിയാറില്ല. തങ്ങളുടെ സേവനങ്ങളോ പ്രവർത്തനങ്ങളോ സേന പരസ്യപ്പെടുത്താറില്ലെന്ന് ചുരുക്കം. ‘ഓപ്പറേഷന്‍ സമുദ്രസേതു 2’ എന്ന പേരില്‍ ഇന്ത്യൻ നാവിക സേന ആരംഭിച്ച ദൗത്യം രാജ്യത്തെ ഏറെ സഹായിച്ചു. ഓക്സിജൻ ക്ഷാമം മൂലം രാജ്യം വിഷമിക്കുന്ന സമയത്തായിരുന്നു നാവിക സേനയുടെ ധ്രുതഗതിയിലുള്ള ദൗത്യം. പദ്ധതി പ്രകാരം വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ നാവിക സേനയ്ക്ക് കഴിഞ്ഞു.
വിവിധ ഇന്തോ-പസഫിക് രാജ്യങ്ങളില്‍ നിന്ന് ദ്രാവക മെഡിക്കല്‍ ഓക്‌സിജനും, കാലി സിലിണ്ടറുകളും രാജ്യത്ത് എത്തി. ദ്രാവക മെഡിക്കല്‍ ഓക്‌സിജന്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, പിപിഇ, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കടൽ മാർഗം രാജ്യത്തെത്തി. ശ്വാസം കിട്ടാത്തെ പിടഞ്ഞിരുന്ന ഓരോ ജീവനുകളും നാവിക സേനയുടെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തത്തിലേക്ക് തിരികെ കയറി.
ഇക്കഴിഞ്ഞ മെയ് അഞ്ചിന് ഐഎന്‍എസ് തല്‍വാര്‍ ബഹ്റൈനില്‍ നിന്ന് 55 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനാണ് മംഗലാപുരത്ത് എത്തിച്ചത്. ഐഎന്‍എസ് തല്‍വാറിലെ ഒരു യുവ നാവിക ഉദ്യോഗസ്ഥന്‍ ആ സാഹസിക യാത്രയെ കുറിച്ച് വെളിപ്പെടുത്തിയത് രാജ്യം ഏറ്റെടുത്തു. ‘മോശം കാലാവസ്ഥയില്‍ കപ്പല്‍ ഇളകി മറിയുമ്പോഴും കപ്പലിനകത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വല്ല കേടുപാടും സംഭവിച്ചോ എന്ന് ഇടയ്ക്കിടെ ഞങ്ങൾ പരിശോധിച്ചു. ശക്തമായ കാറ്റിലും, മഴയിലും കണ്ടെയ്‌നറിന് മുകളില്‍ കയറി അതിന്റെ കെട്ടുകള്‍ അഴിഞ്ഞിട്ടില്ല എന്ന് എപ്പോഴും ഉറപ്പ് വരുത്തി. വെല്ലുവിളി നിറഞ്ഞ ജോലി തന്നെയായിരുന്നു അത്. പക്ഷെ, അത് നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് ഉള്ളതിനാൽ ഭയം തോന്നിയില്ല’, അദ്ദേഹം പറഞ്ഞതിങ്ങനെ. ഓരോ സൈനികനും ചിന്തിക്കുന്നത് അങ്ങനെ തന്നെയാണ്.
Also Read:കൊവിഡ് ബാധിച്ചവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം
മെയ് അഞ്ചിന് എത്തിയത് മൂന്ന് കപ്പലുകളാണെങ്കിൽ അടുത്ത ദിവസങ്ങളില്‍ അത് നാലായി. ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള സഹായമായിരുന്നു അത്തിൽ ഉണ്ടായിരുന്നത്. ഒമ്പത് കണ്ടെയ്‌നറുകളിലായി 250 ഓളം മെഡിക്കല്‍ ഓക്‌സിജനും 2000 സിലിണ്ടറുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും നാവികസേനാ മുബൈയിലും മംഗലാപുരത്തുമെത്തിച്ചു. ഓക്സിജൻ ക്ഷാമം ഏറ്റവും കൂടുതൽ ആ സമയങ്ങളിൽ അനുഭവിച്ചത് ഈ രണ്ട് സ്ഥലങ്ങളായിരുന്നു. അവശ്യസാധനങ്ങൾ ഇറക്കിയശേഷം സൈനികർ പെട്ടന്ന് തന്നെ തിരിച്ചു. അവർക്ക് ഒട്ടും സമയമുണ്ടായിരുന്നില്ല പാഴാക്കാൻ. കപ്പലുകള്‍ സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് അടുത്ത ബാച്ചിനായി പെട്ടെന്ന് തന്നെ പുറപ്പെട്ടു. ഈ സമയം, കിഴക്കന്‍ കടല്‍ത്തീരത്ത്, നാവികസേനയുടെ കപ്പലുകള്‍ ബ്രൂണൈ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള സഹായം ചെന്നൈയിലും വിശാഖപട്ടണത്തിലും തീരം തൊടുകയായിരുന്നു. ഒരേസമയം, പല ഇടങ്ങളിൽ നിന്നായി സഹായം സ്വീകരിച്ച് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങൾ ഇറക്കുന്ന തിരക്കിലായിരുന്നു സേന.
‘സമുദ്ര സേതു 2 ‘ ദൗത്യം ഏഴ് ആഴ്ചകളോളം നീണ്ടു നിന്നു. ഇതിനിടെ, 14 യാത്രകളിലായി 90, 000 കിലോമീറ്ററോളം സൈനികർ സഞ്ചരിച്ചു. അടിയന്തിര വൈദ്യസഹായങ്ങള്‍ക്ക് പുറമേ 1050 ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്‌സിജനും 13,800 ഓക്‌സിജന്‍ സിലിണ്ടറുകളും രാജ്യത്ത് എത്തിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു. ഇതുകൂടാതെ ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ സംസ്ഥാനങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്തു നൽകിയതും സേന തന്നെയാണ്. സ്വന്തം സംരക്ഷയെ കുറിച്ച് ഓർക്കാതെ, രാജ്യത്തെ സേവിക്കാൻ ഇറങ്ങിത്തിരിച്ച സൈനികരുടെ മനസ്സിൽ മുഴുവൻ പ്രതീക്ഷകളായിരുന്നു.
Post Your Comments