വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉദ്ഭവമെന്ന ഉറച്ച വിശ്വാസവുമായി അമേരിക്ക. ചൈനയാണ് ഇതിനു പിന്നിലെന്ന് 60 ശതമാനം അമേരിക്കന്‍ പൗരന്മാര്‍ വിശ്വസിക്കുന്നുവെന്ന് മീഡിയ പോള്‍ സര്‍വെ. ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ . ജൂണ്‍ 19 മുതല്‍ ജൂണ്‍ 22 വരെ 1001 യു.എസ് പൗരന്മാരിലാണ് സര്‍വെ നടത്തിയത്. അതേസമയം, 31 ശതമാനം യുഎസ് പൗരന്മാര്‍ കോവിഡ് സ്വാഭാവികമായി ഉണ്ടായ വൈറസാണ് എന്നാണ് വിശ്വസിക്കുന്നത്.
ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാകാമെന്ന നിഗമനം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ലോകാരോഗ്യസംഘടന തള്ളിയിരുന്നു .ഈ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്നും ലോകാരോഗ്യ സംഘടനയുടെ 17 അംഗ സംഘം ചൂണ്ടിക്കാട്ടിയിരുന്നു . അതേസമയം ചൈനയില്‍ നിന്ന് ഇതിനുവേണ്ട തെളിവുകളോ സാമ്പിളുകളോ ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് ലോകാരോഗ്യ സംഘടനയുടെ വാദം യു.എസ്, യു.കെ എന്നീ രാജ്യങ്ങള്‍ തള്ളിക്കളയുന്നത്.
Post Your Comments