തെന്മല∙ കൊല്ലം – തിരുമംഗലം ദേശീയപാതയിൽ രണ്ടിടത്ത് ചരക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ദേശീയപാതയിൽ 2മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമല തണ്ണിവളവിൽ ഇന്നലെ രാവിലെ 10നും ഉറുകുന്ന് കനാൽ പാലത്തിന് സമീപം വൈകിട്ട് അഞ്ചരയ്ക്കുമായിരുന്നു അപകടം ഉണ്ടായത്. തണ്ണിവളവിൽ തമിഴ്നാട്ടിലേക്ക് പോയ ലോറി വളവിൽ നിയന്ത്രണം വിട്ട് പാതയിൽ മറിയുകയായിരുന്നു.
മറിഞ്ഞു കിടന്ന ലോറിയിൽ നിന്ന് ഡ്രൈവർ തമിഴ്നാട് സ്വദേശി രത്നലിംഗത്തിനെ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ കാലിനും തലയ്ക്കും അപകടത്തിൽ പരിക്കേറ്റു. തെങ്കാശിയിൽ നിന്നു കൊട്ടാരക്കരയിലേക്ക് പാലുമായി പോയ വാൻ ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ടു പാതയ്ക്ക് കുറുകെ മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന ചുരണ്ട സ്വദേശികളായ ഡ്രൈവർ കണ്ണദാസൻ, സഹായി കൃഷ്ണ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിലായ പാൽ വാനിന് പിന്നിൽ വന്ന സിമന്റ് ലോറി വാനിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വശത്തെ മണ്ണിൽ പുതഞ്ഞു. ഇതോടെ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. തെന്മല ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, എസ്ഐ ഡി. ജെ. ഷാലു എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി രാത്രി 7.30ന് അപകടത്തിലായ വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Post Your Comments