കൊല്ലം: ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനു പുറമേ അയാളുടെ അച്ഛനമ്മമാരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.
വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെയും പോരുവഴിയില്‍ വിസ്മയയെയുടെ ഭര്‍തൃഗൃഹത്തിലും അവരെത്തി തെളിവെടുപ്പ് നടത്തും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടത്തുമെന്നും കുറ്റവാളികളെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.
അതേ സമയം നേരത്തെ കിരണ്‍കുമാര്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലൊരു കേസുണ്ടായിരുന്നു. അത് ഒത്തു തീര്‍പ്പിലെത്തുകയായിരുന്നു. ഈ കേസ് കൂടി പുനപ്പരിശോധിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഈ കേസില്‍ മേലില്‍ കിരണ്‍കുമാറിന്റെ പക്കല്‍ നിന്ന് ഇത്തരത്തിലുള്ള യാതൊരു നടപടിയുമുണ്ടാകില്ലെന്ന് കുടുംബം മാപ്പ് ചോദിച്ചതോടെയാണ് ഒത്തു തീര്‍പ്പാക്കിയിരുന്നത്.
തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലിസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്താന്‍ തയാറായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ എന്നാണ് വ്യക്തമാകുന്നത്. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണ്‍കുമാറിന്റെ ബന്ധുക്കളുടെ വിസ്മയയോടുളള പെരുമാറ്റത്തെ കുറിച്ചും പരാതിയുണ്ട്. അതേസമയം അറസ്റ്റിലായ കിരണ്‍കുമാറിനെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്കയച്ചു. പന്തളം എന്‍.എസ്.എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.
Post Your Comments