ന്യൂഡൽഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ധവള പത്രം പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങള്‍ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് രാഹുല്‍ ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായല്ല ധവള പത്രം പുറത്തിറക്കിയത് എന്ന് വ്യക്തമാക്കിയ രാഹുല്‍ മുന്‍ പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരി മൂലം രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മോദിയുടെ കണ്ണീരല്ല ഓക്‌സിജന് മാത്രമേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാകൂവെന്നും രാഹുല്‍ പരിഹസിച്ചു.
ഒന്നാംതരംഗത്തിലും രണ്ടാം തരംഗത്തിലും കേന്ദ്രസര്‍ക്കാരിന് എവിടെയെല്ലാമാണ് പിഴച്ചതെന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ധവള പത്രം പുറത്തിറക്കിയിരിക്കുന്നത്. മൂന്നാം തരംഗത്തെ നേരിടാന്‍ കാലേകൂട്ടി ഒരുങ്ങിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തണം. ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം അടിയന്തര പ്രാധാന്യത്തോടെ തന്നെ നടത്തണം. കൃത്യമായ ആസൂത്രണത്തോടെ ഇത്തരം കാര്യങ്ങള്‍ നടത്തിയാല്‍ മാത്രമേ മുന്‍ തരംഗങ്ങളില്‍ സംഭവിച്ച നിലയിലേക്കെത്താതെ കൊവിഡ് നിയന്ത്രണവിധേയമാക്കാനാകൂവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതില്‍ നിന്നും കോണ്‍ഗ്രസ് കണ്ടെത്തിയ കാര്യങ്ങളാണ് ധവള പത്രത്തിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ഒന്നും രണ്ടും തരംഗത്തില്‍ സര്‍ക്കാരിന് സംഭവിച്ച് വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും രാഹുല്‍ ഉയര്‍ത്തിയിട്ടുണ്ട്.
Post Your Comments