ബ്യൂണസ് അയേഴ്സ്: അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡിൽ മുൻ സഹതാരം ജാവിയർ മാഷരോനക്കൊപ്പമെത്തി സൂപ്പർതാരം ലയണൽ മെസ്സി. ഇന്ന് കോപ അമേരിക്കയിൽ പരാഗ്വേയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയതോടെ അർജന്റീനയുടെ കുപ്പായത്തിൽ 147-ാംമത്തെ മത്സരത്തിനാണ് മെസ്സി ഇറങ്ങിയത്. ഇതോടെ മാഷരോനയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി.
2005ൽ ഹംഗറിക്കെതിരായ മത്സരത്തിലാണ് അർജന്റീനക്കായി മെസ്സി അരങ്ങേറ്റം കുറിക്കുന്നത്. അധികം വൈകാതെ ആ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോവുകയായിരുന്നു താരം.
തുടർന്ന് നാല് ലോകകപ്പുകളിലും നിരവധി കോപ അമേരിക്ക ടൂർണമെന്റിലും മെസ്സി ദേശീയ ടീമിനായി ജേഴ്സി അണിഞ്ഞു. ഇതിൽ 2014 ബ്രസീൽ ലോകകപ്പിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് 2015, 2016 കോപ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ട് ഒരു ജയത്തിനരികെ അർജന്റീനയുടെ കിരീടങ്ങൾ നഷ്ടമായി. 2008ൽ ഒളിമ്പിക്സ് സ്വർണ മെഡൽ നേട്ടം ഒഴിച്ചാൽ രാജ്യത്തിനായി കിരീടം എന്ന ലക്ഷ്യം തന്നെയാണ് മെസ്സിയെ മുന്നോട്ട് നയിക്കുന്നത്.
Read Also:- യൂറോ കപ്പിൽ ബെൽജിയവും നെതർലാന്റ്‌സും ഡെന്മാർക്കും ഓസ്ട്രിയയും പ്രീക്വാർട്ടറിൽ
അതേസമയം, ടൂർണമെന്റിലെ മൂന്നാം മത്സരത്തിനിറങ്ങിയ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേയെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു സമനിലയുമായി തോൽവി അറിയാതെ അർജന്റീന കുതിപ്പ് തുടരുകയാണ്. കോപയിലെ അവസാന മത്സരത്തിൽ ബൊളീവിയയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.
Post Your Comments