![](/wp-content/uploads/2021/06/vismaya-death.jpg)
കൊല്ലം : വിസ്മയ മരിച്ച ദിവസം ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞ് കിരണിന്റെ അമ്മ. അന്ന് രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടെന്നാണ് കിരണിന്റെ അമ്മ പറയുന്നത് . എന്നാല്‍, നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞുവെന്ന് അമ്മ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകനും മരുമകളും തമ്മില്‍ വഴക്കേ ഉണ്ടായിട്ടില്ലെന്നാണ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ളയും പറയുന്നത്.
‘വിസ്മയ മരിച്ച ഞായറാഴ്ച രാത്രി എട്ടു മണി വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് അര്‍ദ്ധ രാത്രി രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടു. ചെന്നു നോക്കുമ്പോള്‍ വിസ്മയ കരയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. ഇതു കണ്ട് താഴത്തെ മുറിയില്‍ ചെന്നു കിടക്കാന്‍ മരുമകളെ ഉപദേശിച്ച് ഞങ്ങള്‍ മടങ്ങി. എന്നാല്‍ വീണ്ടും ബഹളം കേട്ടതിനെ തുടര്‍ന്ന് ചെന്നു നോക്കിയപ്പോള്‍ വിസ്മയ ബാത്ത്‌റൂമില്‍ തൂങ്ങി നില്‍ക്കുന്നു. അരികില്‍ കരഞ്ഞുകൊണ്ട് കിരണും. ഉടനെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന്’ കിരണിന്റെ പിതാവ് പറഞ്ഞു.
അതേസമയം, കിരണിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി നടന്നതെല്ലാം ദുരൂഹതകള്‍ നിറഞ്ഞ കാര്യങ്ങളാണെന്ന് വിസ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തുണ്ട്. മൃതദേഹത്തിലെ പാടുകള്‍ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി അച്ഛന്‍ ത്രിവിക്രമന്‍ പിള്ളയും മകന്‍ വിജിത്തും പറഞ്ഞു. ‘മൂന്ന് മാസം മുന്‍പ് പരീക്ഷയ്ക്ക് പോയപ്പോ ബാഗോ വസ്ത്രങ്ങളോ ഒന്നും എടുത്തിരുന്നില്ല. വൈകീട്ട് മൂന്ന് മണിക്ക് അമ്മയെ വിളിച്ച് കിരണിന്റെ വീട്ടില് പോയെന്ന് പറഞ്ഞു. അവിടെ നില്‍ക്കുകയാണെന്ന് പറഞ്ഞു. അതിന് ശേഷം മോളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല,’ എന്നായിരുന്നു ത്രിവിക്രമന്‍ പിള്ളയുടെ പ്രതികരണം.
‘ ഈ വര്‍ഷം ജനുവരി മാസം മുതലാണ് വണ്ടിയുടെ പേരില്‍ പ്രശ്നം തുടങ്ങിയത്. വണ്ടിക്ക് പെട്രോള്‍ കിട്ടുന്നില്ല. മൈലേജ് ഇല്ലെന്നായിരുന്നു പരാതി. വണ്ടി വിറ്റ് അതിന്റെ പൈസ തരണം എന്ന് പറഞ്ഞു. സിസി ഇട്ട് എടുത്ത വണ്ടിയാണ് വില്‍ക്കാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു. ആ പ്രശ്‌നം എന്റെ മകളുടെ ജീവനെടുക്കുമെന്ന് ഞാന്‍ കരുതിയില്ലെന്ന്’ വിസ്മയയുടെ പിതാവ് പറയുന്നു.
Post Your Comments