താലോലിച്ചു വളർത്തിയ മക്കളെ വിവാഹമെന്ന പേരിൽ കുരുതികൊടുക്കുന്ന സമ്പ്രദായം എന്തിനുവേണ്ടി? ഉത്ര, പ്രിയങ്ക, വിസ്മയ തുടങ്ങി അനേക ജന്മങ്ങൾ സ്ത്രീധനകുരുക്കിൽ പൊലിഞ്ഞു വീഴുന്നത് നിത്യവും കാണുന്ന മലയാളി ഇനിയെങ്കിലും നന്നാകുമോ? ഒരു കുഞ്ഞു ജനിച്ചാൽ അത് പെണ്ണാണ് എങ്കിൽ അവളുടെ വയസ്സറിയിപ്പ് കാലം മുതൽ വിവാഹം എന്ന ബാധ്യതയുടെ കണക്കുകൾ കുടുംബത്തിൽ ഉയരും. പഠിക്കാൻ എത്ര ഇഷ്ടമാണെങ്കിലും പതിനെട്ടു തികഞ്ഞാൽ പിന്നെ പെണ്ണിന്റെ പഠിപ്പെല്ലാം കണക്കാ… ‘നല്ലൊരു’ ചെക്കനെ കണ്ടെത്തി കെട്ടിച്ചു വിട്ടു മനസമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കണം എന്ന് പറയുന്ന മാതാപിതാക്കളാണ് കേരളത്തിൽ ഭൂരിഭാഗവും.
പ്രണയമെന്നോ ആൺ സുഹൃത്തെന്നോ കേട്ടുകഴിഞ്ഞാൽ ഉടനെ വഴിതെറ്റുമെന്നു പറഞ്ഞു നിർബന്ധിച്ചു കെട്ടിച്ചുവിടുന്ന ശരാശരി മലയാളികൾ ഇനിയും തിരിച്ചറിയേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഒരു പെണ്ണിന്റെ ആത്യന്തികമായ ലക്‌ഷ്യം വിവാഹവും കുഞ്ഞും മാത്രമാണോ? ആണിന് അവൻ ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാം കളിക്കാം അവന്റെ വിനോദങ്ങളിൽ എല്ലാം ഏർപ്പെടാം . എന്നാൽ പെണ്ണ് ആണെങ്കിൽ അടങ്ങി ഒതുക്കി ജീവിക്കണം.
കെട്ടിയവന്റെ തല്ലും കൊണ്ടിട്ടു അവന്റെ ചീത്തവിളിയും കേട്ട് താലിയുടെ മാഹാത്മ്യം പറഞ്ഞു കണ്ണീരിൽ കഴിയണം. അങ്ങനെ അല്ലെങ്കിൽ അവൾ അഹങ്കാരി. നിത്യവും ജോലിക്ക് പോയാൽ ഒരു പെൺ സുഹൃത്തിനൊപ്പം കൂടുതൽ അടുപ്പം കാണിച്ചാൽ പിന്നെ ബന്ധങ്ങൾക്കിടയിൽ ചികഞ്ഞു നോക്കുന്ന കുടുംബക്കാരുടെ എണ്ണം വർദ്ധിക്കും. ഇരുപത്തിയഞ്ചു കഴിഞ്ഞ പെണ്ണിന് വിവാഹം നടന്നില്ലെങ്കിൽ അവളുടെ പേരിൽ കഥകൾ ഇറക്കുന്ന നാട്ടുകാർ, അപവാദം പറയുന്നത് പേടിച്ചു ഏവന്റെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്ന വീട്ടുകാർ.
വരന് സർക്കാർ ജോലിയാണെങ്കിൽ പെണ്ണുന്റെ വീട്ടുകാർ ഗമ കാണിക്കാൻ സന്തോഷമായി നീട്ടുന്ന പൊൻ കണക്കുകൾ, കിട്ടിക്കഴിയുമ്പോൾ കുറഞ്ഞു പോയോ എന്ന സംശയം. പൊന്മുട്ടയിടുന്ന താറാവായി പെണ്ണുള്ളപ്പോൾ മർദ്ദനമുറയിലൂടെ കൂടുതൽ സ്വന്തമാക്കാൻ അവന്റെ കൈകൾക്ക് ഉശിരു കൂടും.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായ നിരോധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സ്ത്രീധനം ഇപ്പോഴും സജീവമാണ്. എന്നാൽ മലബാര്‍ മേഖലയില്‍ തെക്കന്‍ കേരളത്തിലെ അത്രത്തോളം സ്ത്രീധന പ്രശ്‌നങ്ങളില്ലെന്നാണ് ചിലരുടെ വാദം. ദേശം ഏതായാലും വരനെയും കുടുംബത്തെയും ”കണ്ടറിഞ്ഞു” സമ്മാനമായി പെൺ വീട്ടുകാർ നൽകുന്നതാണ് സ്ത്രീധനം.
ആറ്റുനോറ്റ് കിട്ടിയ മകളെ രണ്ടുമിനിറ്റ് ചായ കുടിക്കാൻ എത്തിവനെ വിശ്വസിച്ചു ഇനി അവനാണ് എല്ലാം ഈ വീട്ടിൽ നിനക്ക് സ്ഥാനമില്ലെന്ന് പറഞ്ഞു മനസ്സ് നിറയെ ആശീർവദിച്ചു പറഞ്ഞു വിടും. വീട്ടുകാർ കണ്ടെത്തി തന്ന സ്വർഗ്ഗം നരകമാണെന്നു തിരിച്ചറിഞ്ഞാലും നാട്ടുകാരുടെ അപവാദപേടിയിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിയിൽ എല്ലാം പേടിച്ചു കണ്ണീരിൽ ജീവിതം ഹോമിക്കുന്ന പെൺകുട്ടികൾ. തന്റെ മകളുടെ ദുർവിധി അറിഞ്ഞാലും ഒന്ന് ചേർത്ത് പിടിക്കാൻ ഭയക്കുന്ന അച്ഛൻ, അമ്മമാർ. ഞങ്ങളുണ്ട് നിന്റെ കൂടെ എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, പോയാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ ഭാര്യാ പദവി പോകുമായിരിക്കും. പക്ഷേ, അവൾ ഇന്നും നിങ്ങൾക്ക് ഒപ്പം ഉണ്ടാകുമായിരുന്നില്ലേ?
സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ ഉത്ര, പ്രിയങ്ക, കൃതി തുടങ്ങിയ പെൺകുട്ടികൾ ജീവിതം ഹോമിച്ചത് വായിച്ചവരാണ് നമ്മൾ. ആ വാർത്തയിൽ ഒരു നിമിഷം നിങ്ങളുടെ മകളെ ആ സ്ഥാനത്ത് ഒന്ന് സങ്കൽപ്പിച്ചു നോക്കാമായിരുന്നില്ലേ? ഇനിയും ഒരുപാട് വാർത്തകൾ വരും, എന്നാലും എണ്ണിയെണ്ണി കണക്ക് പറഞ്ഞു പലരും അവരുടെ മക്കളെ തൂക്കി വിൽക്കും! അറവുശാലയിലേക്ക് അറക്കാൻ വേണ്ടി വില പറഞ്ഞു വിൽക്കുന്ന പോത്തുകളെ പോലെ. എത്ര വാർത്തകൾ വന്നാലും അനുഭവം ഉണ്ടായാലും നമ്മൾ പഠിക്കില്ല, ഇതൊക്കെ ആവർത്തിച്ചു കൊണ്ടേയിരിക്കും. ഓരോ മരണ വാർത്തയ്ക്ക് ശേഷം കണ്ണീർ ചിഹ്നവുമായി സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇട്ടു നമ്മൾ പ്രതികരിക്കും. “സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്”
ആണത്തം എന്ന് പറയുന്നത് മൂക്കിന് താഴെ യുള്ള മൂന്നു രോമമാണെന്നു ചിന്തിക്കുന്നവൻ ആണല്ല. സ്ത്രീ ആണ് ധനമെന്നു കരുതി ജീവിക്കുന്നവനാണ് ആണെന്ന് ഇനി എന്നാണു കേരളത്തിന്റെ യുവതലമുറ മനസിലാക്കുന്നത് . ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും വേലികെട്ടുകൾക്കിടയിൽ പൗരുഷവും സ്ഥാനങ്ങളും കെട്ടുന്ന പെണ്ണിന്റെ സ്തീധനത്തുകയിലാണെന്നു ചിന്തിക്കുന്നവരെക്കുറിച്ചാണ് ഈ പറഞ്ഞത്.
തന്റെ ചെലവിൽ കഴിയുന്ന പെണ്ണിന്റെയും കുഞ്ഞിന്റെയും ആവശ്യങ്ങൾക്ക് കണക്കു പറയാത്ത എല്ലാ പുരുഷന്മാർക്കും നിസാരമായ കാരണങ്ങൾ കൊണ്ട് ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി ചേർന്ന് പുതു ജീവിതം കെട്ടിപ്പെടുത്താൻ ശ്രമിക്കാതെ സ്ത്രീകൾക്കും അച്ഛന്റെയും അമ്മയുടെയും കടമകൾ വിവാഹത്തോടെ കഴിഞ്ഞു എന്ന് പറഞ്ഞു മാറിനിൽക്കാതെ മകളെ ഇന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന മാതാപിതാക്കലക്കും പുഞ്ചിരികൊണ്ടൊരു അഭിവാദ്യം. സ്ത്രീ അബലയും തബലയുമല്ലെന്നു പറഞ്ഞു കൊടുക്കാൻ ആദ്യം രക്ഷിതാക്കൾക്ക് തന്റേടം ഉണ്ടാകട്ടെ.
പവിത്ര പല്ലവി
Post Your Comments