കൽപറ്റ: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശി സിദ്ദീഖിനെ കൽപറ്റ ജെ.എസ്.പി അജിത്കുമാറിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൽപറ്റ വിനായക െറസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതി മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറിയിൽ ക്ലീനർ ആയ ഇയാൾ ഡൽഹിയിലേക്ക് പോവുന്ന കണ്ടെയ്നർ ലോറിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുവെച്ചാണ് ഇയാളെ പിടികൂടിയത്.
ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷ്ണപുരം, തൃശൂർ, കൽപറ്റ, കമ്പളക്കാട് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം മോഷണ കേസുകളുണ്ട്. ഈറോട്, മേട്ടുപാളയം സ്റ്റേഷനുകളിലും കേസുകളുണ്ട്.
കൽപറ്റ സി.ഐ പി. പ്രമോദ്, സ്പെഷൽ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ ടി.പി. അബ്ദുറഹ്മാൻ, ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments