News

പുറത്ത് ഭൂകമ്പം നടന്നാലും വീട്ടിലെത്തിയാൽ പിന്നെ ‘അച്ഛനാണ്’, ഒരിക്കലും പ്രലോഭനത്തില്‍ വീഴില്ല: മകള്‍ വീണ പറയുന്നു

തിരുവനന്തപുരം: പുറത്തതെന്തൊക്കെ നടന്നാലും വാതിൽ തുറന്നു അകത്ത് വന്നു കഴിഞ്ഞാൽ പിന്നെ ‘അച്ഛനാണ്’. പറയുന്നത്, മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വീണ അച്ഛനെ കുറിച്ച് വെളിപ്പെടുത്തുന്നത്. അച്ഛന്‍ റോള്‍ പിണറായി വിജയൻ കൈകാര്യം ചെയ്തത് എങ്ങനെയാണെന്നും വീണ പറയുന്നുണ്ട്.

ജീവിതത്തില്‍ ഇങ്ങനെയാകണം, ഈ രീതിയില്‍ ജീവിക്കണം എന്നൊന്നും അച്ഛന്‍ പറഞ്ഞു തന്നിട്ടില്ലെന്ന് വീണ വെളിപ്പെടുത്തുന്നു. മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കാതെ സ്വയംപര്യാപ്തമാകണം എന്നും നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നുവെന്നും വീണ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മക്കള്‍ എന്ന വിശേഷണത്തില്‍ ഇപ്പോഴും എപ്പോഴും ജീവിക്കുന്നില്ലെന്നും വീണ വ്യക്തമാക്കി. അങ്ങനെ ജീവിക്കാന്‍ പഠിപ്പിച്ചത് അമ്മയും അച്ഛനും തന്നെയാണെന്ന് അവര്‍ പറഞ്ഞു.

വീണയുടെ വാക്കുകള്‍;

‘ഞാന്‍ ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. അന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ എന്തോ വലിയ സമരം നടക്കുന്നുണ്ട്. ആള്‍ക്കടലിനു മുന്നില്‍ നില്‍ക്കുന്ന അച്ഛനെ ഞാന്‍ ലൈവ് ആയി ടിവിയില്‍ കാണുന്നുമുണ്ട്. വീട്ടില്‍ നിന്നിറങ്ങേണ്ട സമയമാകുമ്പോള്‍ സാധാരണ അച്ഛന്‍ എന്നെ വിളിക്കാറുള്ളതാണ്. അന്നു വിളിക്കില്ല എന്നോര്‍ത്തു. പക്ഷേ, കൃത്യസമയത്ത് വിളിച്ചു, ‘ഇറങ്ങാറായില്ലേ’ എന്നു ചോദിച്ചു. ഏതു തിരക്കിലായാലും വീട് മറക്കാറില്ല. അതാണ് അച്ഛന്‍. അച്ഛനെ ഒരിക്കലും ഞങ്ങള്‍ക്ക് കിട്ടാതിരുന്നിട്ടില്ല. എത്ര തിരക്കിലാണെങ്കിലും ഒപ്പമുണ്ടെന്ന തോന്നല്‍ അനുഭവിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരുപാതിയില്‍ സഖാവും മറുപാതിയില്‍ അച്ഛനും.’

പഠനകാലത്തും ‘പിണറായിയുടെ മകള്‍’ എന്ന വിശേഷണം കൊണ്ട് ഒന്നും നേടാന്‍ ശ്രമിച്ചിട്ടില്ല. സാധാരണക്കാരായിട്ടാണ് വളര്‍ന്നത്. അക്കാലത്ത് അപരിചിതരായ ആളുകള്‍ അച്ഛന്റെ ജോലി എന്താണെന്നു ചോദിക്കുമ്പോള്‍ പലപ്പോഴും സര്‍ക്കാര്‍ ജീവനക്കാരനാണെന്നേ പറയൂ. വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാല്‍ പിന്നെ ‘അച്ഛനാണ്’.

Also Read:പഞ്ചാബിൽ കോൺഗ്രസ് എം‌.എൽ‌.എമാരുടെ മക്കൾക്ക് സർക്കാർ ജോലി: തീരുമാനം പിൻവലിക്കണമെന്ന് സുനിൽ ജഖർ

രാഷ്ട്രീയപ്രവര്‍ത്തകനോ മുഖ്യമന്ത്രിയോ ഒന്നുമല്ല. പുറത്ത് ഭൂകമ്പം നടന്നിട്ടുണ്ടാകും. പക്ഷേ, വീടിനുള്ളില്‍ മറ്റൊരാളാണ്. അതൊന്നും ചര്‍ച്ച ചെയ്യാറുമില്ല. വീട്ടിലാണെങ്കിലും ഒരുപാടു സംസാരിക്കുന്ന ആളല്ല അച്ഛന്‍. പറയാനുള്ള കാര്യം ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായും കൃത്യമായും പറയും. വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമാണ്. അതില്‍ എല്ലാം ഉണ്ടാകും.

വീട്ടിലെത്തിയാല്‍ അച്ഛന് ചില ശീലങ്ങളുണ്ട്. എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ചില കാര്യങ്ങള്‍ വേണ്ടെന്നു വച്ചാല്‍ പിന്നെ, ഒരിക്കലും പ്രലോഭനത്തില്‍ വീഴില്ല. മുന്നില്‍ വരുന്ന പ്രതിസന്ധികളെ അച്ഛന്‍ മറികടക്കുന്നത് കാണുമ്പോള്‍ ബഹുമാനം തോന്നാറുണ്ട്. എനിക്ക് കണക്കു പരീക്ഷ ഭയങ്കര പേടിയായിരുന്നു. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയാല്‍ പഠിച്ചതെല്ലാം മറന്നു പോകും. അതറിഞ്ഞ് അച്ഛനൊരു മരുന്നു പറഞ്ഞു തന്നു, ‘ടെന്‍ഷനടിക്കണ്ട. പരീക്ഷാഹാളില്‍ പേടി തോന്നിയാല്‍ കണ്ണുമടച്ച് എന്നെ ഓര്‍ത്താല്‍ മതി’ ഇതത്ര വലിയ കാര്യമാണോ എന്നു പലര്‍ക്കും തോന്നാം. പക്ഷേ, എനിക്കത് വലിയ ധൈര്യം തന്നെയാണ് എന്നും’.- വീണ പറയുന്നു.

(കടപ്പാട്: വനിത)

shortlink

Related Articles

Post Your Comments

Related Articles


Back to top button