കൊല്‍ക്കത്ത: നാല് പേരെ കൊലപ്പെടുത്തിയ 19കാരന്‍ പിടിയില്‍. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. സഹോദരന്റെ പരാതിയിലാണ് പോലീസ് 19കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് സഹോദരന്‍ ആരിഫിന്റെ(21) പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍, സഹോദരി, മുത്തശ്ശി എന്നിവരെ ആസിഫ് കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ കുഴിച്ചിട്ടെന്നുമാണ് ആരിഫിന്റെ പരാതിയില്‍ പറയുന്നത്. നാല് പേരെ കൊലപ്പെടുത്തിയ ആസിഫ് തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും സഹോദരന്‍ പോലീസിനെ അറിയിച്ചു.
കൊലപാതകങ്ങളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഭയം കാരണമാണ് പുറത്തുപറയാതിരുന്നതെന്ന് ആരിഫ് പറഞ്ഞു. ഫെബ്രുവരി 28നാണ് ആസിഫ് കുടുംബത്തിലെ നാല് പേരെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ നാല് പേരെയും കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ടിട്ടില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. നാല് പേരും കൊല്‍ക്കത്തയിലെ പുതിയ ഫ്‌ലാറ്റിലേ്ക്ക് താമസം മാറിയെന്നാണ് ആസിഫ് പറഞ്ഞതെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു.
നേരത്തെ, ലാപ്ടോപ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് ആസിഫ് വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയിരുന്നു. പിന്നീട് മടങ്ങിയെത്തിയ ആസിഫിന് വീട്ടുകാര്‍ ലാപ്ടോപ് വാങ്ങി നല്‍കുകയും ചെയ്തു. താനൊരു ആപ്പ് നിര്‍മ്മിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് കുടുംബത്തോട് പറഞ്ഞിരുന്നു. കുടുംബത്തിന്റെ ചില വസ്തുവകകള്‍ വില്‍ക്കാനും ആസിഫ് ശ്രമിച്ചതായി വിവരമുണ്ട്. നിലവില്‍ ആസിഫിനെയും സഹോദരനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments