ഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത രണ്ടുമാസത്തിനുള്ളിൽ ഉണ്ടായേക്കാമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. ആദ്യ രണ്ട് തരംഗങ്ങളിൽനിന്നും നമ്മൾ പാഠം ഉൾക്കൊണ്ടിട്ടില്ലെന്നും എല്ലായിടത്തും ആൾക്കൂട്ടം ഉണ്ടായിവരുന്നത് വ്യാപനം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തിൽ ദേശീയ തലത്തിലുള്ള കോവിഡ് കേസുകളുടെ എണ്ണം കൂടിവരാൻ കുറച്ച് സമയം എടുക്കുമെന്നും, എന്നാൽ അടുത്ത രണ്ടുമാസത്തിനുള്ളിൽ ഇത് തീർച്ചയായും സംഭവിക്കാമെന്നും ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. രാജ്യത്ത് എല്ലായിടത്തും ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്നും, ഇത് മൂന്നാം തരംഗത്തിന്റെ തീവ്രത വർധിപ്പിക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ എങ്ങനെ പാലിക്കുമെന്നതിനെയും ആൾക്കൂട്ടം എങ്ങനെ തടയാമെന്നതിനെയും ആശ്രയിച്ച് ഇക്കാര്യങ്ങളിൽ വ്യത്യാസം വരാമെന്നും, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിലെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ സ്വയം ബോധവാന്മാർ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments