കാണ്‍പുര്‍ : മുൻ ഭാര്യമാരെ നിയമപരമായി വേർപ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ ആൾദൈവം അറസ്റ്റിൽ. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയെയാണ് കിദ്വായി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആൾദൈവമെന്ന് പരിചയപ്പെടുത്തി നിരവധി പേരെ ഇയാൾ ഹണി ട്രാപ്പിൽപ്പെടുത്തുകയും ചെയ്തിരുന്നു.
ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 2005-ലാണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്‌ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍നിന്നും കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍, വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം. മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019-ല്‍ ഇയാള്‍ അഞ്ചാമത്തെ കല്യാണം കഴിച്ചു. മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിയിക്കാതെയായിരുന്നു ഇതും. ഗാര്‍ഹിക പീഡനത്തിന് അഞ്ചാം ഭാര്യ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കതേരിയയുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.
Read Also : ‘വിജയന്‍ ആദ്യ രാഷ്ട്രീയ കൊലപാതകക്കേസിലെ ഒന്നാം പ്രതി’: എഫ്‌ഐആറിന്റ പകര്‍പ്പ് പുറത്ത് വിട്ട് കെ സുധാകരൻ
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെബ്സൈറ്റുകളിലൂടെ പരിചയത്തിലാകുന്ന യുവതികളോട് താൻ ബാബയാണെന്നും തന്ത്ര -മന്ത്രയെന്ന പേരിൽ ആശ്രമം നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ പ്രശ്ന പരിഹാരങ്ങൾക്കെന്ന പേരിൽ ഒരു പ്രത്യേക സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
ഇത്തരത്തിൽ വെബ്സൈറ്റിലൂടെ 32 യുവതികളെയാണ് ഇയാൾ കുടുക്കിയത്. അറസ്റ്റ് ചെയ്ത കതേരിയെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് അയച്ചു.
Post Your Comments