KeralaLatest News

പിണറായി- സുധാകരൻ മല്ലയുദ്ധം,ആരാണ് ഏറ്റവും വലിയ ഗുണ്ട എന്ന് മലയാളിക്ക് മുന്നിൽ കാണിക്കാനുള്ള മത്സരം : ജിതിൻ ജേക്കബ്

'കൈ രണ്ടും ചേർത്ത് പ്രത്യേക രീതിയിലുള്ള ആക്ഷൻ എടുത്ത് ശക്തമായി കൂട്ടിയിടി'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കോളേജ് പഠനകാലത്ത് താന്‍ ചവിട്ടിവീഴ്ത്തിയെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ വെളിപ്പെടുത്തലും അതിനു മറുപടിയായി, പണ്ട് തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളാണ് സുധാകരനെന്ന പിണറായിയുടെ ആരോപണവും സോഷ്യൽ മീഡിയയിൽ ട്രോളാവുകയാണ്. ആരോപണ പ്രത്യാരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മുഖ്യമന്ത്രിയും ഇറങ്ങിയതോടെ വഴിതുറക്കുന്നത് പുതിയ രാഷ്ട്രീയ പോര്‍മുഖത്തിനാണ്.

അതേസമയം മലയാളികൾ ഏറ്റവും വലിയ ഗുണ്ടയെ തെരഞ്ഞെടുക്കാൻ കഷ്ടപ്പെടുമെന്ന പരിഹാസവുമായി ജിതിൻ ജേക്കബും രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

പൊങ്ങച്ചം, തള്ള്, ആരോപണം, പ്രത്യാരോപണം, അടി, ഇടി, ചവിട്ട്, വെടി, തട്ടിക്കൊണ്ടു പോകൽ, നോക്കി പേടിപ്പിക്കൽ, കൈ രണ്ടും ചേർത്ത് പ്രത്യേക രീതിയിലുള്ള ആക്ഷൻ എടുത്ത് ശക്തമായി കൂട്ടിയിടി, എതിരാളികളുടെ വാളുകൾക്കിടയിലൂടെ നടത്തം, ഞാൻ അങ്ങനെ തല്ലി, എതിരാളിയെ ഒറ്റ ചവിട്ടിന് താഴെയിട്ടു’… എന്തോന്നടെ ഇതൊക്കെ..
ആരാണ് ഏറ്റവും വലിയ ഗുണ്ട എന്ന് മലയാളിക്ക് മുന്നിൽ കാണിക്കാൻ മുഖ്യനും, സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷനും തമ്മിൽ നടത്തുന്ന കോമാളിത്തരം ആണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം.

നെറ്റ്ഫ്ളിക്സിലോ, ആമസോൺ പ്രൈമിലോ സീരീസ് ആയി ഈ ‘ഗുണ്ടാ ജീവിതം’ ലോകത്തിന് കാണിച്ചു കൊടുക്കാവുന്നതുമാണ്. ഈ വീര ചരിത്രം മലയാളികൾ മാത്രം അറിഞ്ഞാൽ പോരല്ലോ.
എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്കും, പ്രതിപക്ഷ പാർട്ടിയുടെ പ്രസിഡന്റിനും ഇങ്ങനെ തങ്ങൾ മുൻകാലങ്ങളിൽ ‘ക്രിമിനലുകൾ’ ആയിരുന്നു എന്ന് പരസ്യമായി വിളിച്ചു പറഞ്ഞ് അത് വലിയ നേട്ടമായി ആഘോഷിക്കാൻ കഴിയുന്നത്?

മുൻകാലങ്ങളിലേക്കാൾ വലിയ ‘ക്രിമിനലുകൾ’ ആണ് അല്ലെങ്കിൽ അന്നത്തേത് പോലെയാണ് ഇപ്പോഴും എന്ന് കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എവിടെയോ വായിച്ചത് ഓർക്കുന്നു ‘ മലയാളി എതിരാളിയെ അടിച്ചമർത്തുന്ന ശക്തനായ നേതാവിനെയാണ് ആരാധിക്കുന്നത്. അവന് ഇപ്പോഴും ഏതാണ്ട് അടിമ മനോഭാവം ആണ്. ഏറ്റവും വലിയ ‘ഗുണ്ടയെ’ അവൻ പൊക്കിപിടിച്ചു കൊണ്ട് നടക്കും.

അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഇന്ദിരഗാന്ധിയെ തിരസ്‌ക്കരിച്ചപ്പോൾ മലയാളി മാത്രം അവരുടെ അടിച്ചമർത്തലിനെ അംഗീകരിച്ചു വോട്ട് ചെയ്തു.
ആ മനോഭാവം ആണ് ഇപ്പോഴും. ഭരണത്തിൽ മുഴുവൻ പരാജയം ആണെങ്കിലും എല്ലാ ദിവസവും ഓരോ തള്ളും, പൊങ്ങച്ചവും, തന്റെ ഗുണ്ടാ ചരിത്രം വിവരിക്കലും, മത തീവ്രവാദികൾക്ക് ജയ് വിളിയും, ആർഎസ്എസുകാരെ നേരിട്ട വീര കഥകളും, പിന്നെ എല്ലാ മാസവും ഓരോ കിറ്റും മതി ഇവിടെ എത്ര കാലം വേണമെങ്കിലും ഭരണതുടർച്ച ഉണ്ടാക്കാം എന്ന് ചങ്കന് അറിയാം.

അഴിമതിയും, സ്വജനപക്ഷപാതവും, വികസന മുരടിപ്പും ഒന്നും ഒരു പ്രശ്നമല്ല. അതേ സ്ട്രടെജി തന്നെയാണ് കോൺഗ്രസ്സും ഇറക്കാൻ നോക്കുന്നത്.
ചുരുക്കത്തിൽ ‘ഏറ്റവും വലിയ ഗുണ്ടയെ’ തിരഞ്ഞെടുക്കാൻ പ്രബുദ്ധ മലയാളി ഇനി കുറെ കഷ്ട്ടപെടും എന്നർത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button