തിരുവനന്തപുരം: 1.55 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും. ഇന്ന് രാത്രിയോടെയാണ് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തിരുവനന്തപുരത്തെത്തുന്നത്. കഴിഞ്ഞ ദിവസം 97,500 ഡോസ് കോവാക്സിൻ സംസ്ഥാനത്തെത്തിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെ സംസ്ഥാനത്തെത്തിയ വാക്സിൻ ഉടൻ തന്നെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.
നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ കോവാക്സിൻ കുത്തിവെപ്പ് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്.
അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments