Latest NewsIndia

പോക്‌സോ കേസ്‌: ശിവശങ്കര്‍ ബാബ അറസ്‌റ്റില്‍ , നിരപരാധിയെന്ന് നടൻമാർ ഉൾപ്പെടെ പ്രമുഖർ

മറ്റൊരു സ്‌കൂളിലെ അധ്യാപകൻ ഓൺലൈൻ ക്‌ളാസിനിടെ ടവൽ ധരിച്ചു വന്നതിനെ തുടർന്നുണ്ടായ പീഡന ആരോപണത്തിന്റെ മറ പറ്റി ഇത് വ്യാജമായുണ്ടാക്കിയ പരാതിയാണെന്നാണ് ഇവർ പറയുന്നത്.

ചെന്നൈ: പോക്‌സോ കേസില്‍ ഗുരു ശിവശങ്കര്‍ ബാബ(71) അറസ്‌റ്റില്‍. തമിഴ്‌നാട്ടില്‍നിന്നുള്ള സി.ബി-സി.ഐ.ഡി. സംഘം ഡല്‍ഹിയിലെത്തിയാണു ബാബയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ബാബയ്‌ക്കെതിരെ മൂന്നു കേസുകളാണു മാമലപുരം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. കേളമ്പാക്കം സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്‌ഥാപകന്‍ കൂടിയാണ്‌ ബാബ. ഈ സ്‌കൂളിലെ രണ്ട്‌ അധ്യാപികമാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്‌. കേളമ്പാക്കം സ്‌കൂളിലെ ഒരു അധ്യാപകന്‍ പീഡനക്കേസില്‍ അറസ്‌റ്റിലായതോടെയാണു വിവാദങ്ങള്‍ക്കു തുടക്കം.

ഇതിനെ തുടർന്ന് സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികള്‍ ബാബയ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥിനികളെ ചുംബിക്കുക, നൃത്തം ചെയ്യാൻ നിർബന്ധിക്കുക തുടങ്ങി ബാബയ്‌ക്കതിരേ വ്യാപക പരാതി ഉയര്‍ന്നു. താന്‍ കൃഷ്‌ണനും പെണ്‍കുട്ടികള്‍ ഗോപികമാരാണെന്നും പറഞ്ഞതായാണ് പരാതി. കേസ്‌ സി.ബി.-സി.ഐ.ഡി. ഏറ്റെടുത്തതോടെ അദ്ദേഹം ഒളിവിൽ പോകുകയായിരുന്നു.

തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയില്‍ 1949ലാണു ബാബ ജനിച്ചത്‌. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദമെടുത്തു. വാഹനമേഖലയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആദ്യം.
1984ല്‍ ചെന്നൈയിലെ ബംഗ്ലാവില്‍ അയ്യപ്പക്ഷേത്രം പണിതും രത്‌നഗിരി മുരുക ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനിടെ മണിക്കൂറുകളോളം കരഞ്ഞും ശ്രദ്ധ നേടി. പതിയെ ഗുരുവായി മാറുകയായിരുന്നു.

അതേസമയം പ്രമുഖ  നടൻ ഷണ്മുഖ രാജൻ ഉൾപ്പെടെയുള്ളവർ  ബാബയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബാബയുടെ പേരിൽ അനാവശ്യമായ ആരോപണങ്ങൾ ആണ് ഉള്ളതെന്നും അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആളല്ലെന്നും ഇവർ പറയുന്നു. മറ്റൊരു സ്‌കൂളിലെ അധ്യാപകൻ ഓൺലൈൻ ക്‌ളാസിനിടെ ടവൽ ധരിച്ചു വന്നതിനെ തുടർന്നുണ്ടായ പീഡന ആരോപണത്തിന്റെ മറ പറ്റി ഇത് വ്യാജമായുണ്ടാക്കിയ പരാതിയാണെന്നാണ് ഇവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button