ഹൈദരാബാദ്: സോമാറ്റോ ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയയുടെ സമ്മാനമായിക്കിട്ടിയത് ടിവിഎസ് എക്സ്‌എല്‍ ബൈക്ക്. ഏവരെയും അതിശയിപ്പിക്കുന്നതാണ് ഈ സമ്മാനത്തിന് പിറകിലെ കഥ. അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായി ചില മനുഷ്യർ മാറിയപ്പോഴാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അഹമ്മദിന്റെ ജീവിതത്തിൽ വെളിച്ചം കണ്ണു തുറന്നത്.
ഹൈദരാബാദിലെ കിംഗ് കൊട്ടി നിവാസിയായ റോബിന്‍ മുകേഷ് കഴിഞ്ഞ ആഴ്ച സൊമാറ്റോ ആപ്പില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോൾ ചായയുമായി വീട്ടുപടിക്കൽ എത്തിയത്
അഹമ്മദ് എന്ന ഒരു എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു. എന്നാൽ മുകേഷിനെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം സൈക്കിള്‍ ചവിട്ടിയാണ് അഹമ്മദ് വന്നതെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു ബൈക്ക് ഇല്ലെന്നുമുള്ളതാണ്. ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അഹമ്മദ് തന്റെ സൈക്കിളില്‍ 20 മിനിറ്റിനുള്ളില്‍ 9 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു.
എന്നാൽ ഈ സംഭവത്തെ റോബിന്‍ മുകേഷിന് അത്ര ചെറിയതായി തോന്നിയില്ല. അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇത് പങ്കുവെയ്ക്കുകയും, അഹമ്മദ് ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൂടിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ ഒരു കുറിപ്പിട്ടു. അഹ്മദിനെ കാണുകയോ അല്ലെങ്കില്‍ അയാളുടെ സൊമാറ്റോ ഓര്‍ഡറുകള്‍ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ മാന്യമായ ഒരു ‘ടിപ്പ്’ നല്‍കണമെന്ന് അദ്ദേഹം ഹൈദരാബാദ് നിവാസികളോട്തന്റെ പോസ്റ്റു വഴി അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഫേസ്ബുക്കിലെ സ്വകാര്യ ഗ്രൂപ്പായ ദി ഗ്രേറ്റ് ഹൈദരാബാദ് ഫുഡ് ആന്‍ഡ് ട്രാവല്‍ ക്ലബ്ബും ഈ ക്യാമ്പയിനിൽ മുകേഷിനൊപ്പം ചേര്‍ന്നു. അഹമ്മദിന്റെ യാത്ര സുഗമമാക്കുന്നതിന്, മറ്റ് അംഗങ്ങളുടെ പിന്തുണയോടെ ഒരു ബൈക്ക് വാങ്ങുന്നതിന് ചൊവ്വാഴ്ച ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുകയും 10 മണിക്കൂറിനുള്ളില്‍ 60,000 രൂപ സമാഹരിക്കുകയും ചെയ്തു. പ്രാഥമിക ലക്ഷ്യം പോലും മറികടന്ന് സംഭാവനകള്‍ 73370 രൂപയോളം ലഭിക്കുകയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഹമ്മദിനായി 65,000 രൂപ വിലമതിക്കുന്ന ടിവിഎസ് എക്സ്‌എല്‍ ബൈക്ക് ബുക്ക് ചെയ്തതായി മുകേഷ് പറഞ്ഞു. കുറച്ച് ദിവസത്തിനുള്ളില്‍ ബൈക്ക് സോമാറ്റോ ഡെലിവറി ഏജന്റിന് കൈമാറും. ഹെല്‍മെറ്റ്, റെയിന്‍ കോട്ട് തുടങ്ങിയ അവശ്യ ഉപകരണങ്ങളും അദ്ദേഹത്തിനായി വാങ്ങുമെന്നും മുകേഷ് അറിയിച്ചു. ധനസമാഹരണത്തിലൂടെ ശേഖരിച്ച അധിക പണം അഹമ്മദിന്റെ കോളേജ് ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ ഉപയോഗിക്കുമെന്നും അയാള്‍ വ്യക്തമാക്കി.
ഈ കഥ ഒരു തുടർച്ചയാണ്. നമുക്ക് ചുറ്റുമുള്ള മനുഷ്യരിലേക്ക് കൂടി നമ്മളുടെ നന്മകൾ വ്യാപിക്കാൻ പ്രേരിക്കുന്നതിന്റെ തുടർച്ച.
Post Your Comments