കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിന്‍ തോട്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റോ, എന്‍.ഐ.എ എന്നീ കേന്ദ്ര ഏജന്‍സികളും രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന. തമിഴ്നാട് ക്യൂ ബ്രാഞ്ചില്‍ നിന്ന് ലഭിച്ച സൂചനകളെ തുടര്‍ന്നാണ് റോ വിശദാംശങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്.
ഐഎസ്‌ഐഎസ് പോലെയുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരെ ക്യൂ ബ്രാഞ്ച് നാലുമാസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം കേരളത്തിലെ ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് വേരുകളുള്ള ഈ സംഘത്തിലെ ചിലര്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലുള്ള ചിലരെ തുടര്‍ച്ചയായി വിളിച്ചതിന്റെ തെളിവുകളും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിടികൂടിയവരില്‍ നിന്ന് പാക്കിസ്ഥാന്‍ കറന്‍സിയും ലഘുലേഖകളും കണ്ടെത്തിയത് ക്യൂ ബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ക്യൂ ബ്രാഞ്ച് റോയെയും എന്‍.ഐ.എയെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. പത്തനാപുരത്തെ വനമേഖല കേന്ദ്രീകരിച്ച് മൂന്നുവര്‍ഷം മുമ്പും വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സ്‌ഫോടക വസ്തുക്കള്‍ പരീക്ഷണ ശേഷം ഉപേക്ഷിച്ചവയാണെന്നാണ് സൂചന. തോട്ടത്തില്‍ ആയുധ പരിശീലനം നടന്നതിന് പിന്നാലെ ബോംബ് നിര്‍മ്മാണവും പരീക്ഷണവും നടത്തിയതായും ഇതോടെ വ്യക്തമായി. രണ്ട് ജലാറ്റിന്‍ സ്റ്റിക്ക്, നാല് ഡിറ്റണേറ്ററുകള്‍, ഒമ്പത് ബാറ്ററി, വയറുകള്‍ എന്നിവയാണ് കഴിഞ്ഞദിവസം ഫോറസ്റ്റ് ബീറ്റ് ഉദ്യോഗസ്ഥര്‍ വനത്തില്‍ നിന്ന് കണ്ടെത്തിയത്.
ഒരു രൂപ നാണയത്തിന്റെ വ്യാസവും ഏകദേശം മുപ്പത് സെന്റീമീറ്റര്‍ നീളവുമുള്ളതാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍. ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംശയനിഴലിലുള്ള പലരുടെയും ഫോണ്‍ കോളുകളും ഡിറ്റനേറ്ററുകള്‍ വാങ്ങിയ ദിവസത്തെ ടവര്‍ ലൊക്കേഷനുകളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. ജനുവരിയിലാണ് കശുമാവിന്‍തോട്ടം കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടന്ന വിവരം പുറത്തായത്. ഇക്കാര്യത്തില്‍ പൊലീസും മറ്റ് ഏജന്‍സികളും അന്വേഷണം ആരംഭിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തോട്ടത്തില്‍ ബീറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന പതിവായിരുന്നു.
അതേസമയം ട്രിച്ചി കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ പത്തനാപുരത്തും പുനലൂരും തെന്മലയിലും വരുന്നതായുള്ള സൂചനകളുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ പത്തനാപുരത്തെ ആയുധ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതാണെങ്കിലും ലോക്കല്‍ പൊലീസോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ ഇക്കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് ആരോപണം.
Post Your Comments