തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി ‘റിംഗ് റോഡി’ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്ക് മന്ത്രിയെ വിളിക്കാം. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
ജനങ്ങൾക്ക് നേരിട്ട് മന്ത്രിയോട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ്. റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാർക്കിംഗ്, പഴയവാഹനങ്ങൾ വർഷങ്ങളായി റോഡരികിൽ കിടക്കുന്നത് കാരണം ഗതാഗത പ്രശ്‌നവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നത്, ഡ്രൈനേജ് മണ്ണ് നീക്കൽ, റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു വന്നത്.
ജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. ഔദ്യോഗിക യാത്രകൾക്കിടയിൽ ബന്ധപ്പെട്ട പരാതികളിൽ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ച് നടപടികൾ വിലയിരുത്താനും മന്ത്രി സമയം കണ്ടെത്തുന്നുണ്ട്. നിരവധി പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാര്യങ്ങളാണ് റിംഗ് റോഡിലൂടെ മന്ത്രിയെ അറിയിക്കേണ്ടത്.
പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണ് ഇത്. പരാതികളിന്മേൽ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും.
Post Your Comments