
ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവശങ്കർ ബാബയ്ക്കെതിരെ നടപടി. ചെന്നൈയ്ക്കടുത്തുള്ള കേളമ്പാക്കത്തെ തന്റെ വിദ്യാഭ്യാസ സ്ഥാപനമായ സുശീൽ ഹരി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഞായറാഴ്ച ചെങ്കൽപേട്ട് പോലീസ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ശിവശങ്കർ ബാബയ്‌ക്കെതിരെ ഇതുവരെ മൂന്ന് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പതിമൂന്നു പേരാണ് നിലവിൽ ബാബയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് പേര് പ്രായപൂർത്തിയായിട്ടില്ല എന്നതും പരാതിയുടെ ഗൗരവം കൂട്ടുന്നു. വിദ്യാർത്ഥികൾ തെളിവ് സഹിതമാണ് ശിവശങ്കറിനെതിരെ പരാതി നൽകിയത്. ഇതോടെ, അറസ്റ്റ് ഭയന്ന് ആൾദൈവം മുങ്ങുകയായിരുന്നു. കേളപാക്കത്ത് 60 ഏക്കറിലേറെ പരന്നുകിടക്കുന്ന വലിയ ആശ്രമത്തിൽ ഈ കോവിഡ് കാലത്തും ഭക്തരുടെ തിരക്കായിരുന്നു.
ബാബയുടെ ലീലാവിലാസങ്ങളാണ് വിദ്യാർത്ഥികൾ പരാതി നൽകിയതോടെ പുറത്തായിരിക്കുന്നത്. സുശീൽ ഹരി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുമ്പോൾ താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിക്കാരിൽ ഒരാൾ വിശദീകരിക്കുന്നുണ്ട്. ആശ്രമത്തിനു ചേർന്നുള്ള സ്കൂളിലെ പെൺകുട്ടികളെ ഒഴിവുസമയങ്ങളിൽ, ബാബ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിക്കുന്നത് പതിവായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. എന്നിട്ട് താൻ കൃഷ്ണനും, കുട്ടികൾ ഗോപികമാർ ആണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ വസ്ത്രങ്ങളെല്ലാം അഴിക്കാൻ നിർബന്ധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിദ്യാർത്ഥികൾ പരാതിയിൽ നൽകിയിരിക്കുന്നത്.
കുട്ടികളെ നഗ്നയാക്കി അവരെയെല്ലാം ഒന്നിച്ചു ഡാൻസ് ചെയ്യിപ്പിക്കുന്നതാണ് ആൾദൈവത്തിന്റെ പ്രധാന പരിപാടി. ഇത് കൂടാതെ കുട്ടികളുടെ പരീക്ഷയുടെ തലേന്ന്, പഠിച്ചത് മറക്കാതിരിക്കാൻ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും ബാവ പരസ്യമായും രഹസ്യമായും കുട്ടികളെ കയറി പിടിച്ചിരുന്നതായും പരാതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാബക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments