വാളയാർ: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവേ ഗൃഹനാഥൻ ട്രെയിൻ ഇടിച്ചു മരിച്ചു. ചാറ്റൽ മഴയിൽ വളവു തിരിഞ്ഞെത്തിയ ട്രെയിൻ കാണാതെ ട്രാക്ക് കുറുകെ കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. വാളയാർ ഈസ്റ്റ് ചന്ദ്രാപുരം വട്ടപ്പാറയിൽ കെ. ചിന്നസാമിയാണ് (61) അപകടത്തിൽ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ വട്ടപ്പാറ മയിലാടിപ്പാറയിൽ ബി ലൈൻ ട്രാക്കിലൂടെ കടന്നുപോയ ഹൈദരാബാദ് – തിരുവനന്തപുരം ട്രെയിൻ ഇടിച്ചാണ് അപകടം. വാളയാർ തടി ഡിപ്പോയിലെ ലോഡിങ് തൊഴിലാളിയായിരുന്ന ചിന്നസാമി ജോലിയിൽ നിന്നു വിരമിച്ചെങ്കിലും ഇടയ്ക്കു സഹായത്തിനായി പോകുമായിരുന്നു.
ഇന്നലെ വീട്ടിൽ നിന്നു ഡിപ്പോയിലേക്കു പോകുന്നതിനിടെയാണ് അപകടം. എന്നാൽ, മഴയിൽ ട്രെയിൻ വരുന്ന ശബ്ദം ചിന്നസാമി അറിയാതെ പോയതാവാം അപകടകാരണമെന്നു വാളയാർ പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പാർവതി മക്കൾ: വേലുച്ചാമി, മയിൽ സ്വാമി, രാമൻ, ലക്ഷ്മണൻ.
Post Your Comments