തിരുവനന്തപുരം: ഐ.എസിൽ ചേർന്ന് വിധവകളായ മലയാളി യുവതികളെ അഫ്ഗാൻ ജയിലിൽ നിന്നും തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ അഭിഭാഷക ഒ എം ശാലീനയുടെ ‘ഫാത്തിമ’ എന്ന പരാമർശത്തിൽ പ്രകോപിതയായി ബിന്ദു.
‘ഫാത്തിമ എന്ന് പറയുന സ്ത്രീ, അവർ അവരുടെ ഇഷ്ടപ്രകാരം ഒരു മതം സ്വീകരിച്ച് ഇഷ്ടത്തിന് വിവാഹം കഴിച്ച്, അവരുടെ ഇഷ്ടത്തിന് ഈ രാജ്യത്തെ നിയമങ്ങൾ തനിക്ക് ബാധകമല്ലെന്നും തെളിയിച്ച് പോയതാണ്’ എന്നായിരുന്നു ചർച്ചയിൽ ശാലീന പറഞ്ഞത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ബിന്ദുവിനെ ഇത് പ്രകോപിതയാക്കുകയായിരുന്നു.
‘ഫാത്തിമയല്ല, ഫാത്തിമ എന്ന് പറയുന്ന സ്ത്രീയല്ല. അവൾ നിമിഷയാണ്, ചിന്നുവാണ്’ എന്നായിരുന്നു ബിന്ദുവിന്റെ മറുപടി. ഇതിനു ശാലീന കൃത്യമായ മറുപടിയും നൽകി. ഫാത്തിമ എന്ന സ്ത്രീയാണെന്ന തന്റെ പ്രസ്താവനയിൽ ശാലീന ഉറച്ച് നിന്നു. ‘അവർ സ്വയമേവാ സ്വീകരിച്ച പേരാണ് ഫാത്തിമ എന്ന്’ ശാലീന വ്യക്തമാക്കി. എന്നാൽ, അഭിഭാഷകയുടെ വാക്കുകളെ സ്വീകരിക്കാൻ നിമിഷ ഫാത്തിമയുടെ ‘അമ്മ തയ്യാറായില്ല.
‘അവൾ ഇപ്പോഴും നിമിഷ തന്നെയാണ്. അവളെ ഫാത്തിമയെന്ന് പറയാൻ നിങ്ങൾക്കെന്ത് അധികാരം?. നിങ്ങളുടെ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന വാചകമാണ് ഫാത്തിമ എന്നത്. ഇപ്രാവശ്യം വോട്ട് ചെയ്യാൻ മൂന്ന് പാർട്ടിക്കാരും കൊണ്ടുവന്ന സ്ലിപ്പിൽ നിമിഷയായിരുന്നു. അപ്പോൾ അവൾ നിമിഷയാണ്. എന്തുകൊണ്ട് വോട്ടേഴ്‌സ് ഐഡിയിൽ മാറ്റിയില്ല? അതൊക്കെ അങ്ങ് പാർട്ടിയിൽ പോയി പറഞ്ഞാൽ മതി’. ബിന്ദു വ്യക്തമാക്കി.
നിമിഷ എന്ന പേര് പ്രായപൂർത്തിയായ ശേഷമാണ് മാറ്റിയതെന്നും ഫാത്തിമ എന്ന പേര് അവർ സ്വയമേവാ സ്വീകരിച്ചതാണെന്നുമുള്ള ശാലീനയുടെ വാദവും നിമിഷ ഫാത്തിമയുടെ അമ്മ തള്ളി. സ്വയമേവാ അല്ല ചെയ്തതെന്നും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നുവെന്നും ബിന്ദു വ്യക്തമാക്കുന്നു. എന്നാൽ, നിമിഷ ഫാത്തിമയുടേതായി പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങളെ കുറിച്ചും ശാലീന ചർച്ചയിൽ ഉന്നയിച്ചു.
Post Your Comments