തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ സി.പി.എം നേതാവ് എം.വി ജയരാജന്‍. കൊടകര കുഴല്‍പ്പണ കേസും മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാന്‍ വരുന്ന രാധാകൃഷ്ണനോട് വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്നേ പറയാനുള്ളൂവെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.സുധാകരന്‍: കെ.പി.സി.സി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയെയും ജയിലിലടക്കുമെന്ന എ.എന്‍. രാധാകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങള്‍ പുല്ലിന്റെ വിലപോലും കല്പിച്ചില്ല. കൊടകര കുഴല്‍പണ കേസും മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ള ബിജെപി നേതാക്കളുടെ പേരിലാണ് കുഴല്‍പണ കേസ് ഉണ്ടായിരിക്കുന്നത്.
”മുഖ്യമന്ത്രീ, അത് പിന്‍വലിക്കുന്നില്ലെങ്കില്‍ താങ്കളെ വെറുതെ വിടില്ല” എന്നാണ് കേന്ദ്ര ഏജന്‍സികളെ പോക്കറ്റിലിട്ടുനടക്കുന്ന ബിജെപി നേതാവിന്റെ സ്വരം. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ നടത്തിയ ശ്രമം ചീറ്റിപ്പോയി. ആ ജാള്യത മറക്കാനായിരിക്കും വീണ്ടും കേസ്സെടുക്കാനുള്ള നീക്കം. അതൊന്നും കേരളത്തില്‍ ചിലവാകില്ല.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമലതപ്പെടുത്തിയ സി.വി. ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, സംസ്ഥാനനേതൃത്വത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്നാണ്. അങ്ങനെ ചെയ്താല്‍ രാധാകൃഷ്ണന്‍ ബിജെപി നേതൃത്വത്തിലുണ്ടാവുമോ? ആദ്യം സ്വന്തം സീറ്റ് നേരെയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ മേലുള്ള ഈ കുതിരകയറല്‍? കേന്ദ്രസര്‍ക്കാര്‍ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാന്‍ വരുന്ന രാധാകൃഷ്ണനോട് പറയട്ടെ, വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ.
Post Your Comments