കൊച്ചി: പ്രസവത്തിനിടെ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. കലാകുമാരിയെയാണ് സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.
മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് സംഭവിച്ചതെന്നും ഡോക്ടര്‍ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. 2007 സെപ്റ്റംബര്‍ 23നാണ് പൂര്‍ണഗര്‍ഭിണിയായിരുന്ന സുജയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 30നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. അവധി ദിവസമായിരുന്നതിനാല്‍ ഡോക്ടര്‍ അന്ന് എത്തിയില്ല. പിറ്റേന്ന് സുജയെ പ്രസവമുറിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വാര്‍ഡിലേക്ക് മാറ്റി.
പനിയും അനുബന്ധ പ്രശ്‌നങ്ങളുണ്ടെന്നു ഡോക്ടറെ അറിയിച്ചിട്ടും പരിശോധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതുമൂലം ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ വിസര്‍ജ്യം കയറുകയും തുടര്‍ന്നു കുഞ്ഞുമരിക്കുകയുമായിരുന്നു.
ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പെടെ 16 സാക്ഷികളെ വിസ്തരിച്ച വിചാരണക്കോടതി 15 രേഖകളും പരിശോധിച്ചിരുന്നു. പിഴത്തുകയില്‍ രണ്ട് ലക്ഷം രൂപ പരാതിക്കാരിയായ സുജ രാജേഷിനും ഒരു ലക്ഷം രൂപ ഭര്‍ത്താവ് രാജേഷിനും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
Post Your Comments