മുംബൈ: മഹാ വികാസ് അഘാടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെ. സ്വയം മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് നാന പടോലെ രംഗത്തെത്തിയതോടെ സഖ്യ സര്‍ക്കാരില്‍ വീണ്ടും കല്ലുകടി ആരംഭിച്ചിരിക്കുകയാണ്. അകോലയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെയാണ് നാന പടോലെ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.
മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പടോലെ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരോട് തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹമില്ലേ എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രംഗത്തെത്തി.
സ്വപ്‌നം കാണുകയെന്നത് തെറ്റല്ലെന്നും സഖ്യത്തിലുള്ള എല്ലാവര്‍ക്കും അവരവരുടെ പാര്‍ട്ടിയെ വളര്‍ത്താനുള്ള അവകാശമുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കണോ സഖ്യമായി മത്സരിക്കണോ എന്ന കാര്യം സോണിയ ഗാന്ധിയോ ശരദ് പവാറോ ഉദ്ധവ് താക്കറെയോ തീരുമാനിക്കുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. അടുത്തിടെ, രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷവും ഭരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.
Post Your Comments