മാഡ്രിഡ്: പോർച്ചുഗൽ മിഡ്ഫീൽഡർ ജോ കാൻസെലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച താരം യൂറോകപ്പിൽ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹംഗറിക്കെതിരെ ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർക്ക് കാൻസെലോയുടെ അഭാവം കനത്ത തിരിച്ചടിയാകും. ഫ്രാൻസും ജർമ്മനിയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഇത്തവണ പോർച്ചുഗൽ.
യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ടീം ശനിയാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായി. ജോ കാൻസെലോ ഒഴിച്ച് എല്ലാവരും നെഗറ്റീവാണ്’. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. യൂറോ കപ്പിൽ പങ്കെടുക്കുന്ന പല താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ ആന്ദ്രേ മോസ്‌തോവോയ്, സ്പെയിനിന്റെ സെർജിയോ ബുസ്കെറ്റ്സ് എന്നിവരും കോവിഡ് ബാധിച്ച് ക്വാറന്റീനിലാണ്.
Read Also:- രവി തേജയുടെ ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു: നായകൻ സൽമാൻ ഖാൻ
അതേസമയം, പോർച്ചുഗൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. 2004ൽ ആദ്യ യൂറോ കപ്പ് കളിക്കുമ്പോൾ ഉള്ള പ്രചോദനത്തിനും മേലെയാണ് ഈ യൂറോ കപ്പിന് ഇറങ്ങുമ്പോഴുള്ള പ്രചോദനമെന്ന് റൊണാൾഡോ പറഞ്ഞു. തന്റെ ടീമിൽ നിന്ന് ആരാധകർക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്നും ടീം പൂർണ്ണ സജ്ജരാണെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
Post Your Comments