ഹൈദരാബാദ്: ഗ്രാമത്തിലെ ജനങ്ങള്‍ക്കായി ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിച്ച ഗ്രാമത്തലവന്റെ തൊണ്ടയില്‍ സ്വാബ് സ്റ്റിക് കുടുങ്ങി. ജുവാജി ശേഖര്‍ എന്നയാളുടെ തൊണ്ടയിലാണ് സ്വാബ് സ്റ്റിക് കുടുങ്ങിയത്. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവമുണ്ടായത്.
ഗോപാല്‍റാവുപേട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശോധനയ്ക്ക് ജുവാജി ശേഖറാണ് തുടക്കം കുറിച്ചത്. പരിശോധനയ്ക്ക് എത്തിയ ജുവാജിയുടെ മൂക്കില്‍ സ്വാബ് കുടുങ്ങുകയായിരുന്നു. പിന്നീട് ഇത് മുറിഞ്ഞുപോകുകയും തൊണ്ടയിലേയ്ക്ക് ഇറങ്ങുകയും ചെയ്തു.
നഴ്‌സുമാരും ഡോക്ടര്‍മാരും സ്വാബ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജുവാജി ശേഖറിനെ കരിംനഗറിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ എന്‍ഡോസ്‌കോപ്പിയ്ക്ക് വിധേയനാക്കുകയും സ്വാബ് നീക്കം ചെയ്യുകയും ചെയ്തു. വേണ്ടത്ര പരിചയമില്ലാത്ത ആരോഗ്യപ്രവര്‍ത്തകരാണ് പരിശോധന നടത്താനെത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments