
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ രാജ്യത്ത് നിരവധി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ ഷിപ്പിങ് ചാര്‍ജുകള്‍ വര്‍ധിച്ചതാണ് വില വര്‍ധനക്കുള്ള പ്രധാനകാരണമെന്നാണ് സൂചന.
വിവിധ രാജ്യങ്ങളിലേക്കുള്ള ഉല്‍പന്നങ്ങളുടെ 80 ശതമാനവും കടലിലൂടെയാണ് കൊണ്ടു പോകുന്നത്. അതുകൊണ്ട് ഷിപ്പിങ് ചാര്‍ജ് വര്‍ധിക്കുന്നത് ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനും കാരണമാകും. ഉല്‍പന്നങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകതക്കനുസരിച്ച് വിതരണം ചെയ്യാന്‍ സാധിക്കാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. പല ഏഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളും കോവിഡിന്റെ പിടിയിലാണ്. തുറമുഖങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
400 അടി നീളമുള്ള സ്റ്റീല്‍ കണ്ടൈനര്‍ കാര്‍ഗോ ഷാങ്ഹായിയില്‍ നിന്ന് റോട്ടര്‍ഡാമിലേക്ക് കൊണ്ടു പോകാന്‍ 10,522 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. സാധാരണയുള്ളതിനേക്കാളും 547 ശതമാനം അധിമാണിത്. ഒന്നുകില്‍ കച്ചവടം നിര്‍ത്തുക അല്ലെങ്കില്‍ വില വര്‍ധിപ്പിക്കുക എന്നുള്ളതാണ് റീടെയില്‍ വില്‍പനക്കാര്‍ക്ക് മുന്നിലുള്ള പ്രധാന പോംവഴി. ലോക്ഡൗണുകള്‍ മാറി വിപണികള്‍ വീണ്ടും ഉയരുന്നതോടെ ഉയര്‍ന്ന ഷിപ്പിങ് ചാര്‍ജിന്റെ ഭാരം ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.
Post Your Comments