കൊൽക്കത്ത : മുകുള്‍ റോയി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ഒരിക്കലും തിരിച്ചടിയല്ലെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആളാണ് മുകുള്‍ റോയി എന്നും ദിലീപ് ഘോഷ് പരിഹസിച്ചു. പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്‌കാരവുമുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബി.ജെ.പിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.
‘പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് മുകുള്‍ റോയി. ഇതെല്ലാം മുകുള്‍ റോയി കൃത്യമായ ആസൂത്രണത്തോടെ ചെയ്തതായിരിക്കണം. എന്നാല്‍, അദ്ദേഹം പാര്‍ട്ടി വിട്ടത് ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല. ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നു, പ്രശ്‌നമുള്ള ചിലര്‍ പോകുന്നു. അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ്, പാര്‍ട്ടിയുടേതല്ല’- ദിലീപ് ഘോഷ് പറഞ്ഞു.
2017ല്‍ ബി.ജെ.പിയില്‍ ചേക്കേറിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍ തിരിച്ചെത്തിയത്. സ്ഥാപകാംഗമായ മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. മുകുള്‍ റോയിക്ക് പിന്നാലെ പ്രമുഖ നേതാവ് റജീബ് ബാനര്‍ജിയും തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി റജിബ് ബാനർജി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments