
വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കണ്ടെത്താന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ കോവിഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ നായകളുടെ സഹായം ലഭ്യമാക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ നായകളെ ഉപയോഗപ്പെടുത്തിയാണ് മിയാമി ഹീറ്റ് ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തിലും കോവിഡ് ബാധിതരുണ്ടോയെന്ന് പരിശോധിച്ചത്. കുറ്റാന്വേഷണ രംഗത്ത് പോലീസിനെ കാലാകാലങ്ങളായി സഹായിക്കുന്ന നായകളെ മെഡിക്കല്‍ രംഗത്തും ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നായകളെ ഉപയോഗിച്ച് കോവിഡ് ബാധിതരെ കണ്ടെത്തുകയെന്നത് എത്രത്തോളം വിശ്വസനീയമാകുമെന്ന സംശയവും ഉയരുന്നുണ്ട്. പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. അതിനാല്‍ പനിയുടെയും ന്യുമോണിയയുടെയും അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് കോവിഡ് നിശ്ചയിച്ചാല്‍ യഥാര്‍ത്ഥ രോഗികളെ തിരിച്ചറിയാന്‍ സാധിക്കാതെ പോകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പരിശോധനയ്ക്ക് നായകളെ ഉപയോഗപ്പെടുത്തുന്നതിന് മുന്‍പ് വിശദമായ പഠനം ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments