തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറുകൂനയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന കൗണ്‍സിലര്‍ കരമന അജിത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. രാഷ്ട്രീയമായി നേരിടാനുള്ള കരുത്തില്ലാതാകുമ്പോൾ ആണ് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ഇത്തരക്കാർ പോകുന്നതെന്ന് കൗൺസിലറെ പരോക്ഷമായി വിമർശിച്ച് മേയർ രംഗത്തെത്തി. രണ്ട് ഹിറ്റാച്ചികള്‍ ചവറുകൂനയിൽ അല്ലെന്നും പരാതി വന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചതാണെന്നും മേയർ ഫേസ്‌ബുക്കിൽ കുറിച്ചു. ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
നഗരസഭയ്ക്ക് രണ്ട് ഹിറ്റാച്ചികൾ സ്വന്തമായുണ്ട്. ഒരെണ്ണം വിളപ്പിൽശാല മാലിന്യഫാക്ടറിയിൽ പ്രവർത്തിച്ചിരുന്നതും മറ്റൊരെണ്ണം ഇടുങ്ങിയവഴികളിൽ സഞ്ചരിക്കാനുതകുന്നതുമായ ചെറിയ ഹിറ്റാച്ചിയും. എരുമക്കുഴി ശുചിയാക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കിടയിൽ വലിയ ഹിറ്റാച്ചിക്ക് കേടുപാടുകൾ സംഭവിക്കുകയും, അവിടെത്തന്നെ ഒതുക്കിയിടുകയും,രണ്ടാമത്തേത് തകരാർ ആയപ്പോൾ ചാല വാർഡിൽ എരുമക്കുഴിയിലെ ജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു. കേടുപാടുകൾ തീർക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. എസ്റ്റിമേറ്റ് തുക നഗരസഭ പരിധിയ്ക്ക് മുകളിൽ വരുന്നതിനാൽ PWD വകുപ്പ് മുൻപാകെ ഫയൽ എത്തിയ്ക്കുകയും വേണ്ട നടപടികൾ മേയർ എന്ന നിലയിൽ സ്വീകരിച്ചിട്ടുള്ളതുമാണ്.
Also Read:രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകും, കോഹ്ലിയുടെ സ്ഥാനമെന്ത്?: ഇന്ത്യൻ ടീമിൽ നിർണായക നീക്കങ്ങൾ
ഫേസ്ബുക്കിലെ ലൈക്കുകൾ പ്രധാനമായി കരുതുന്ന, നെടുങ്കാട് വാർഡ് ജനപ്രതിനിധിക്ക് ഇതറിയാഞ്ഞിട്ടല്ല ഇന്ന് ആക്ഷേപഹാസ്യ രൂപേണ ആരോപണമുന്നയിച്ചത്. രാഷ്ട്രീയമായി നേരിടാനുള്ള കരുത്തില്ലാതാകുമ്പോൾ ആണ് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകേണ്ടി വരുന്നത്. കുട്ടിക്കളിയായും,കുഞ്ഞുമേയറായും മറ്റും അദ്ദേഹത്തിന്റെ തമാശരൂപേണയുള്ള വിമർശനങ്ങൾ രാഷ്ട്രീയ പാപ്പരത്തമല്ലാതെ മറ്റെന്താണ് .തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഇരുപത്തിയൊന്നുകാരിയെ മേയറാക്കിയ തീരുമാനമറിഞ്ഞ ഞെട്ടലിൽ നിന്നും ഇനിയും കരകയറിയിട്ടില്ല എന്നതിൽ അതിയായ വിഷമമുണ്ട്.
നഗരസഭ കൗൺസിലർ എന്നനിലയിൽ നഗരസഭയാകെ സ്പാനറുമെടുത്ത്
കറങ്ങുന്നതിനിടയിൽ സ്വന്തം വാർഡും,അവിടത്തെ കോവിഡ്പ്രതിരോധ പ്രവർത്തങ്ങളും കൂടി ശ്രദ്ധിക്കണമെന്നും, 10 വാർഡിലെ കൗൺസിലർമാരുടെ യോഗം കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിളിച്ചപ്പോൾ താങ്കൾക്ക് പങ്കെടുക്കാൻ കഴിയാത്തത് കേടായിക്കിടക്കുന്ന ഹിറ്റാച്ചികൾക്ക് പുറകെ പോയതിനാലാണെന്നും കരുതുന്നു. വാർഡിൽ ഇതര രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ചെയ്യുന്ന കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾ കണ്ടെങ്കിലും താങ്കൾ ഇടപെടുമെന്നും പ്രത്യാശിക്കുന്നു.
Post Your Comments