മൂന്നാര്‍: ഇടുക്കിയിലെ മരംകൊള്ളയിൽ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ്. ചിത്തിരപുരം-ഉടുമ്പന്‍ചോല റോഡിലെ മരങ്ങള്‍ മുറിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. മരങ്ങള്‍ നില്‍ക്കുന്നത് വനഭൂമിയില്‍ അല്ലെന്നും ഇവരുടെ വിശദീകരണത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് ബുധനാഴ്ചയാണ് പൊതുമരാമത്ത് വകുപ്പ് വിശദീകരണം നല്‍കിയത്.
‘ഒന്നര വര്‍ഷം മുമ്പ് 154 കോടി കിഫ്ബി ഫണ്ടും നബാര്‍ഡിന്റെ ആറ് കോടിയും വിനിയോഗിച്ച് 45 കി.മീ. നീളത്തില്‍ നിര്‍മ്മാണം തുടങ്ങിയ റോഡാണിത്. റോഡിലും വശങ്ങളിലുമായി 173 മരം അപകടാവസ്ഥയിലുള്ളതായി പൊതുമരാമത്ത് അധികൃതര്‍ കണ്ടെത്തി. ഇവ മുറിച്ചുനീക്കാന്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പിന് കത്തും നല്കി. എന്നാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് അനുമതി നല്‍കേണ്ടതെന്നായിരുന്നു മറുപടി. ഇതോടെ മരങ്ങള്‍ നിലനിര്‍ത്തി റോഡ് നിര്‍മാണം തുടര്‍ന്നു. ചില മരങ്ങള്‍ റോഡിന് നടുക്കും മറ്റുള്ളവ റോഡരികില്‍ ഒന്നര മീറ്റര്‍ വരെ തിട്ടയിലുമായിരുന്നു. ഇതിനിടെ, ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മെയ് 14ന് ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം അപകടാവസ്ഥയിലുള്ള മരങ്ങള്‍ 31നകം മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ച അനുമതി പ്രകാരവും 1974 ലെ റവന്യൂ രേഖകള്‍ പ്രകാരവും റോഡ് കടന്നുപോകുന്ന ഭാഗം വനഭൂമിയല്ല’- പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.
Read Also: മുറിച്ചെടുത്തത് ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ തടികൾ: ചിന്നക്കനാൽ മരംകൊള്ളയിൽ നടുങ്ങി കേരളം
എന്നാൽ രണ്ടുമാസം മുമ്പ് പുളിയന്മലയില് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണ് തൊടുപുഴ സ്വദേശിനി മരിച്ച സംഭവത്തില്‍ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ തുടങ്ങിയതെന്നും പൊതുമരാമത്ത് വിശദീകരണത്തില്‍ വ്യക്തമാക്കി. നെടുങ്കണ്ടം സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിബിന്‍ ജിത്ത്, ശാന്തന്‍പാറ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കാര്‍ത്തിക് കൃഷ്ണന് എന്നിവരാണ് വിശദീകരണം നല്‍കിയത്.
Post Your Comments