ന്യൂഡല്‍ഹി : രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ് സമരം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദേശിക തലത്തില്‍ പെട്രോള്‍ പമ്പുകൾക്ക് മുന്നിലാകും സമരമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. യു.പി.എ ഭരണകൂടവുമായി താരതമ്യം ചെയ്യുമ്പോൾ എന്‍.ഡി.എ സര്‍ക്കാര്‍ പെട്രോളിന്‍റെ എക്സൈസ് നികുതി 23.87ശതമാനവും ഡീസലിന്റേത് 28.37 ശതമാനവും വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്ധിച്ചതോടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് ഇന്ന് ഇന്ധനവില വീണ്ടും വർധിച്ചു. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ് കൂടിയത്. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില.
Post Your Comments