കൊച്ചി: ഇന്ദ്രൻസ് എന്ന അതുല്യ അഭിനേതാവ് തൻ്റെ തുടക്കകാലത്ത് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിൽ തിളങ്ങിയ അഭിനേതാവാണ്. തന്നിലെ നല്ല നടനെ ഒളിപ്പിച്ചു നിർത്തി നിരവധി സിനിമകൾ ചെയ്ത ഇന്ദ്രൻസിനെ വേറിട്ട സിനിമകളിലേക്ക് കൊണ്ടുന്നത് ടിവി ചന്ദ്രൻ എന്ന സംവിധായകനാണ്. താൻ കോമഡി താരമായി വിലസിയിരുന്ന കാലത്ത് സൂപ്പർ താരം ജയറാമിനൊപ്പമുള്ള കോമ്പിനേഷനെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഇന്ദ്രൻസ്.
ഇന്ദ്രൻസിന്റെ വാക്കുകളിലൂടെ:
“എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ജയറാം സാർ. ഞങ്ങൾ തമ്മിൽ എത്രയോ നല്ല സിനിമകൾ ചെയ്തു. ഞങ്ങളുടെ കോമ്പിനേഷൻ പലർക്കും ഇഷ്ടമായിരുന്നു. എനിക്ക് കരിയർ ബ്രേക്ക് നൽകിയ ‘സിഐഡി ഉണ്ണികൃഷ്ണൻ ബിഎബിഎഡ്’ എന്ന ചിത്രത്തിലെ നായകൻ ജയറാം സാറായിരുന്നു. ‘സ്വപ്ന ലോകത്തെ ബാലഭാസ്കരൻ’ എന്ന സിനിമയിലെ ഞങ്ങളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിച്ച് ഒരേ സമയം സിനിമ ഫീൽഡിൽ വന്നതാണെങ്കിലും ഞാൻ ‘സാർ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അത്രയും സുന്ദരനായ ഒരു നായകൻ മലയാള സിനിമയിലങ്ങനെ കത്തി നിൽക്കുമ്പോൾ കുറച്ച് ബഹുമാനമൊക്കെ കൊടുത്ത് നിർത്തണ്ടേ. എന്നോടും അദ്ദേഹത്തിന് അതേ ബഹുമാനമുണ്ട്. അദ്ദേഹത്തിൻ്റെ ആദ്യ സിനിമ മുതൽ ഞാൻ വസ്ത്രലാങ്കര സഹായിയായി കൂടെയുണ്ട്. ‘ഇന്നലെ’ എന്ന പത്മരാജൻ സാറിൻ്റെ സിനിമയിൽ അദ്ദേഹത്തിനൊപ്പം ഞാൻ ചെറിയൊരു വേഷവും അഭിനയിച്ചിട്ടുണ്ട്”.
Post Your Comments