തൃശ്ശൂര്‍: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തിയതായി സൂചന . തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ പ്രദേശത്ത് ഇയാള്‍ക്കായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. മാര്‍ട്ടിന്റെ ചില സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയും, മാര്‍ട്ടിന്‍ സഞ്ചരിച്ച കാര്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും എട്ടാം തീയതിയാണ് തൃശൂര്‍ക്ക് പോയതെന്നാണ് പോലീസിന്റെ നിഗമനം. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. 2020 ലെ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്‌ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2021 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.
Post Your Comments